പൗരത്വം നഷ്ടപ്പെട്ട് അസമിലെ തടവറയില്‍ അടയ്ക്കപ്പെട്ടവരില്‍ മരിച്ചവരുടെ എണ്ണം 29 ആയി

ഇതുവരെ കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ മാത്രമാണ് ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്. മറ്റെല്ലാവരും അസമില്‍ സ്വന്തം വിലാസമുള്ളവരാണ്.

Update: 2020-01-04 05:38 GMT

ഗുവാഹത്തി: അനധികൃത കുടിയേറ്റക്കാരനെന്നാരോപിച്ച് തടവറയില്‍ അടയ്ക്കപ്പെട്ട ഒരാള്‍ കൂടി മരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം. 10 ദിവസം മുമ്പാണ് ഇദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇതോടെ തടവറയില്‍ മരണപ്പെടുന്നവരുടെ എണ്ണം 29 ആയി. ഏകദേശം 1000 ത്തോളം പേരെയാണ് വിവിധ ജയിലുകളില്‍ അടച്ചിട്ടിരിക്കുന്നത്.

ഒക്‌ടോബറില്‍ 65 വയസ്സുള്ള മാനസികവെല്ലുവിളി നേരിടുന്ന ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. സോനിത്പൂരിലെ ദുലാല്‍ പോള്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. 2017 മുതല്‍ അദ്ദേഹം ജയിലിലായിരുന്നു.

നിലവില്‍ അസമില്‍ 6 ഇത്തരം തടവറകളാണ് ഉള്ളത്. എല്ലായിടത്തും കൂടി 1000 അന്തേവാസികളുണ്ട്. ഏഴാമത്തെ സെന്റര്‍ ഗോല്‍പാറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു.

സര്‍ക്കാര്‍ കണക്കുപ്രകാരം ഇതുവരെ അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് തടവറയില്‍ അടക്കപ്പെട്ടവരില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ മാത്രമാണ് ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത്. മറ്റെല്ലാവരും അസമില്‍ സ്വന്തം വിലാസമുള്ളവരാണ്. രേഖകള്‍ ശരിയല്ലാത്തതിനാലാണ് അവര്‍ തടവറയില്‍ അടയ്ക്കപ്പെട്ടത്.  

Tags:    

Similar News