കൊല്‍ക്കത്ത: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഐപിഎസി മേധാവി പ്രതീക് ജെയിനിന്റെ വീട്ടില്‍ നിന്നും അവരുടെ ഓഫീസുകളില്‍ നിന്നും ഒരു ലാപ്ടോപ്പ്, ഫോണ്‍, ഒന്നിലധികം രേഖകള്‍ എന്നിവയുമായി ഇറങ്ങിപ്പോയെന്ന് കേന്ദ്ര ഏജന്‍സി ആരോപിച്ചു. മുഖ്യമന്ത്രിയാണെങ്കിലും ബാനര്‍ജി 'അന്വേഷണം തടസ്സപ്പെടുത്തുകയും' 'കല്‍ക്കരി കള്ളക്കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും ഉള്‍പ്പെട്ടവരെ സംരക്ഷിക്കുകയും' ചെയ്യുന്നുവെന്ന് ആരോപിച്ച് ഇഡി ഹൈക്കോടതിയെ സമീപിച്ചു. ഈ കേസ് കോടതി നാളെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
റെയ്ഡ് രാഷ്ട്രീയ പ്രേരിതവും ബിജെപി ആസൂത്രണം ചെയ്തതുമാണെന്ന് മമത ബാനര്‍ജി അവകാശപ്പെട്ടു. 'തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നും ഏതെങ്കിലും രാഷ്ട്രീയ സ്ഥാപനത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും' പറഞ്ഞുകൊണ്ട് ഇഡി ആരോപണങ്ങള്‍ നിഷേധിച്ചു. കേന്ദ്ര ഏജന്‍സി തൃണമൂല്‍ കോണ്‍ഗ്രസിന്റെ(ടിഎംസി)പാര്‍ട്ടി രേഖകള്‍ മോഷ്ടിച്ചെന്ന് ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് സംഭവം.
'ഒരു പാര്‍ട്ടി ഓഫീസിലും പരിശോധന നടത്തിയിട്ടില്ല. ഏതെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല ഈ പരിശോധന, കൂടാതെ കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പതിവ് നടപടികളുടെ ഭാഗമാണിത്. നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നത്,' എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
'പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും പോലിസ് ഉദ്യോഗസ്ഥരും പശ്ചിമ ബംഗാള്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും എത്തുന്നതുവരെ സമാധാനപരമായ രീതിയിലാണ് തിരച്ചില്‍ നടത്തിയത്, അവര്‍ രണ്ട് സ്ഥലങ്ങളിലെ ഭൗതിക രേഖകളും ഇലക്ട്രോണിക് തെളിവുകളും ബലമായി നീക്കം ചെയ്തു,' ഇഡി പ്രസ്താവനയില്‍ പറഞ്ഞു.
സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ മുതിര്‍ന്ന ഐ-പിഎസി ഉദ്യോഗസ്ഥനായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്‌റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്ര സംഘത്തിലെ പ്രധാന അംഗമായാണ് ജെയിനെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. റെയ്ഡുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പരന്നതോടെ, ടിഎംസി നേതാക്കള്‍ സാള്‍ട്ട് ലേക്ക് ഓഫീസിനു പുറത്ത് തടിച്ചുകൂടി. സംഘര്‍ഷാവസ്ഥയ്ക്കിടെ ബിധാന്‍നഗര്‍ പോലിസ് കമ്മീഷണറും സ്ഥലത്തെത്തിയിരുന്നു.

