മഹാരാഷ്ട്ര മന്ത്രിസഭാ വികസനം നാളെ

Update: 2022-08-08 12:22 GMT

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം നാളെയുണ്ടായേക്കുമെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചന നല്‍കി. നാളെ 11 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ കൂടുതല്‍ വകുപ്പുകള്‍ കയ്യില്‍വയ്ക്കാന്‍ സാധ്യതയുണ്ട്. കൂടാതെ 15 മന്ത്രിമാരുമുണ്ടാകും. ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമെ ആഭ്യന്തരവും കൈവശംവയ്ക്കും.

ഏറെ നാളായി മഹാരാഷ്ട്രയില്‍ രണ്ടംഗ കാബിനറ്റാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനെതിരേ പ്രതിപക്ഷം രൂക്ഷമായി പ്രതികരിക്കുന്നുണ്ട്, പ്രത്യേകിച്ച് മുന്‍ ഉപമുഖ്യമന്ത്രി അജിത്പവാര്‍. 

'അജിത് പവാര്‍ പ്രതിപക്ഷ നേതാവാണ്, അദ്ദേഹത്തിന് അത്തരം കാര്യങ്ങള്‍ പറയേണ്ടിവരും. അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോള്‍ ആദ്യത്തെ 32 ദിവസം അഞ്ച് മന്ത്രിമാരേ ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം സൗകര്യപൂര്‍വ്വം മറക്കുന്നു'- ഫഡ്‌നാവിസ് പറഞ്ഞു.

16 പാര്‍ലമെന്ററി നിയോജകമണ്ഡലങ്ങള്‍ കണ്ടെത്തി പ്രത്യേകശ്രദ്ധ കൊടുത്ത് അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ക്ക് നയപരമായ തീരുമാനമെടുക്കാനുളള അവകാശം മുഖ്യമന്ത്രി നല്‍കിയിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അര്‍ധ ജുഡീഷ്യല്‍ നിവാരത്തിലുള്ളവയിലൊഴിച്ച് മറ്റൊരു കേസിലും സെക്രട്ടറിമാര്‍ക്ക് മന്ത്രിതല അധികാരം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആഗസ്റ്റ് ആറിന് പറഞ്ഞിരുന്നു.

ജൂണ്‍ 30നാണ് ഷിന്‍ഡെയും ഫഡ്‌നാവിസും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി സത്യപ്രതിജ്ഞ ചെയ്തത്.

ജൂണ്‍ 28ന് ഫഡ്‌നാവിസ് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സഭയില്‍ അവിശ്വാസവോട്ടടെുപ്പ് നടത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.

മന്ത്രിസഭാ വികസനത്തെക്കുറിച്ച് ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഫട്‌നാവിസ് ഡല്‍ഹിയിലേക്ക് പോയിരുന്നു.

അതിനു രണ്ട് ദിവസം മുമ്പ് ജൂലൈ 27ന് ഷിന്‍ഡെയും ഫട്‌നാവിസും മന്ത്രിമാരുടെ കരട് പട്ടികയുമായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. 43 പേരെയാണ് മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയെങ്കിലും ധാരാളം പേര്‍ മന്ത്രിസഭയിലെത്താന്‍ ശ്രമം നടത്തുന്നുണ്ട്. ഉദ്ദവിനെതിരെ ഷിന്‍ഡെയുടെ വിമതത നീക്കത്തെ പിന്തുണച്ച എംഎല്‍എമാര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നവരാണ്. പ്രധാന വകുപ്പുകള്‍ പ്രധാന നേതാക്കള്‍ക്ക് നീക്കിവയ്ക്കും.

Tags:    

Similar News