ആര്‍എസ്എസിനെ നിരോധിക്കണം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷം

Update: 2025-10-31 09:20 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസിനെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യത്ത് 'ക്രമസമാധാന പ്രശ്‌നങ്ങള്‍' സൃഷ്ടിക്കുന്ന ഹിന്ദു സംഘടനയാണ് ആര്‍എസ്എസ് എന്ന് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150ാം ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, രാജ്യത്ത് മിക്ക പ്രശ്‌നങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകുന്നത് ബിജെപി-ആര്‍എസ്എസ് കാരണമാണ്. വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രി ബഹുമാനിക്കുന്നുവെങ്കില്‍, അവരെ നിരോധിക്കണം' ഖാര്‍ഗെ പറഞ്ഞു.

പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ച കാര്യം ഓര്‍മ്മിപ്പിച്ച ഖാര്‍ഗെ, രാജ്യത്തിന്റെ മതേതര ഘടനയുടെ താല്‍പ്പര്യത്തിനായുള്ള ഒരു നടപടിയാണിതെന്ന് പറഞ്ഞു. ഗാന്ധിജി, ഗോഡ്സെ, ആര്‍എസ്എസ്, 2002 ലെ കലാപം എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്‍സിആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ട് മോദി സര്‍ക്കാര്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 'രാഷ്ട്രത്തിന്റെയും മതേതരത്വത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചത്. ഇന്ന് അവര്‍ തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ ചരിത്രം മാറ്റിയെഴുതുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: