കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് നേരെ ചൂഷണം; ക്രിമിനല്‍ സംഘം പിടിയില്‍

Update: 2025-11-22 06:49 GMT

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ മാളുകളിലെ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനല്‍ സംഘത്തെ സുരക്ഷാ വിഭാഗങ്ങള്‍ പിടികൂടി. ഹവല്ലി, കാപിറ്റല്‍ ഗവര്‍ണറേറ്റ് അന്വേഷണം വിഭാഗങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

തൊഴിലാളികളെ ശമ്പളം നല്‍കാതെ നിര്‍ബന്ധിതരാക്കുകയും ജോലിസ്ഥാനം നിലനിര്‍ത്തുന്നതിനായി ദിവസവും ഏകദേശം നാലു കുവൈത്ത് ദിനാര്‍ പ്രൊട്ടക്ഷന്‍ മണിയായി പിരിച്ചെടുക്കുകയായിരുന്നു. നിരവധി തൊഴിലാളികള്‍ക്ക് അവരുടെ സ്‌പോണ്‍സറിങ്ങ് കമ്പനികളില്‍ നിന്ന് വേതനം ലഭിക്കുന്നില്ലെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് പുറത്തുവന്നത്. ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ തൊഴിലാളികള്‍ പണം നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ചൂഷണത്തിന്റെ പൂര്‍ണ വ്യാപ്തി കണ്ടെത്തുന്നതിനും തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങളെ പിടികൂടുന്നതിനും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Tags: