'കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാര്‍ക്ക് പാലക്കാട്ട് വരും'; വ്യവസായ മന്ത്രി പി പാജീവ്
പാലക്കാട്: കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാര്‍ക്കിന് പാലക്കാട് ജില്ലയില്‍ തറക്കല്ലിട്ടതായി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ച് വ്യവസായ മന്ത്രി പി പാജീവ്. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി-പേരുര്‍ വില്ലേജില്‍ 6.5 ഏക്കര്‍ ഭൂമിയിലാണ് ലെഗസി ഇന്‍ഡസ്ട്രിയല്‍ സോണ്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ആരംഭിക്കുന്നത്. 12 കോടിയിലധികം രൂപ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 30 വ്യവസായ യൂണിറ്റുകള്‍ക്ക് വരെ ഇവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതുവഴി 150 കോടി രൂപയുടെ നിക്ഷേപവും 1,500 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പാര്‍ക്കിന് സാധിക്കുമെന്നും മന്ത്രി കുറിച്ചു.
കേരളമാകെ വനിതകള്‍ സംരംഭകലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരമൊരു വനിതാ വ്യവസായ പാര്‍ക്ക് കൂടുതല്‍ സ്ത്രീകളെ സംരംഭകരാകാന്‍ പ്രേരിപ്പിക്കുമെന്നുറപ്പാണ്. സല്‍മ, അന്‍സീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാര്‍ട്ണര്‍ഷിപ്പില്‍ തുടങ്ങുന്ന ഈ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഒപ്പം സര്‍ക്കാര്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങളും ഇവര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി കുറിപ്പിലൂടെ വ്യക്തമാക്കി.
