പെരിന്തല്‍മണ്ണ ടൗണ്‍ സലഫി മസ്ജിദിലെ പ്രളയ ദുരിതാശ്വാസ കൗണ്ടര്‍ നശിപ്പിച്ചു

വിശ്വാസികളെ തമ്മിലടിപ്പിക്കാനുമുള്ള ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തിയില്‍ ടൗണ്‍ സലഫി മസ്ജിദ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും പോലിസ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Update: 2019-08-28 13:19 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണ്‍ സലഫി മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പള്ളിയില്‍ നടക്കുന്ന ദുരിതാശ്വാസ കൗണ്ടര്‍ ഞായറാഴ്ച രാത്രി സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചതായി പരാതി. കൗണ്ടറിലെ ബാനറുകളും ശേഖരിച്ച ചില വസ്തുക്കളും മോഷണം പോയതായും പരാതിയുണ്ട്.

പള്ളിയുടെ രണ്ട് നോട്ടിസ് ബോര്‍ഡുകളും അറബിക് അക്കാദമിയുടെയും സലഫി മദ്‌റസയുടെയും ദാറുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനത്തിന്റെയും രണ്ട് ഫ്‌ലക്‌സ് ബോര്‍ഡുകളും മോഷണം പോയിട്ടുണ്ട്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ പ്രളയ കാലത്ത് പത്തു ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ടൗണ്‍ സലഫി മസ്ജിദ് കമ്മറ്റി നടത്തിയത്. പ്രളയ ബാധിതര്‍ക്കായി ചുങ്കത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹ സ്പര്‍ശം സൗജന്യ വസ്ത്രാലയത്തിലേക്കുള്ള കലക്ഷന്‍ സെന്ററായി പെരിന്തല്‍മണ്ണ സലഫി മസ്ജിദ് പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനു വേണ്ടി തയ്യാറാക്കിയ കൗണ്ടറും ബാനറുകളും ശേഖരിച്ച വസ്തുക്കളും ആണ് ഇപ്പോള്‍ മോഷണം പോയിട്ടുള്ളത്.

ഇത് വരെ ശേഖരിച്ച വസ്ത്രങ്ങളും ഖുര്‍ആന്‍ പ്രതികളും ഞായറാഴ്ച രാവിലെ നിലമ്പൂരിലേക്ക് അയച്ചതിനാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വിശ്വാസികളെ തമ്മിലടിപ്പിക്കാനുമുള്ള ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തിയില്‍ ടൗണ്‍ സലഫി മസ്ജിദ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും പോലിസ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രഫ. ഹാരിസ് ബിന്‍ സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്‍ ഹഫീസ് മുണ്ടത്ത്, അലി ഹാജി ആലിക്കല്‍, അബ്ദുല്‍ ഹമീദ് പറപ്പൂര്‍ , ഉസ്മാന്‍ കിഴിശ്ശേരി , മുഹമ്മദ് ആസിഫ് , നൂര്‍ മുഹമ്മദ് മാസ്റ്റര്‍ പ്രസംഗിച്ചു.

Tags:    

Similar News