കെഎഎസ്സില്‍ സംവരണ അട്ടിമറി അനുവദിക്കില്ല: രമേശ് ചെന്നിത്തല

കെഎഎസ്സിലേക്കുള്ള മൂന്നുതരം റിക്രൂട്ട്‌മെന്റുകളില്‍ രണ്ടിലും സംവരണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള ദ്രോഹമാണ്.

Update: 2019-01-06 11:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിലവില്‍ വരുന്ന കേരളാ അഡമിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവരണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎഎസ്സിലേക്കുള്ള മൂന്നുതരം റിക്രൂട്ട്‌മെന്റുകളില്‍ രണ്ടിലും സംവരണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് പിന്നാക്ക വിഭാഗങ്ങളോടുള്ള ദ്രോഹമാണ്. നേരിട്ടുള്ള നിയമനം, ട്രന്‍സ്ഫര്‍ വഴിയുള്ള നിയമനം, പ്രമോഷന്‍ വഴിയുള്ള നിയമനം എന്നിങ്ങനെയാണ് കെഎഎസ്സിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ പോവുന്നത്. ഇതില്‍ നേരിട്ടുള്ള നിയമനത്തില്‍ മാത്രം സംവരണം മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍, കെഎഎസ് പുതിയ ഒരു കേഡറാണ്. ഇവിടെ പ്രമോഷന്‍, ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനങ്ങളും മല്‍സരപരീക്ഷ വഴിയാണ് നടത്തുന്നത്. അതിനാല്‍, ഇവയ്ക്ക് സംവരണം പാലിക്കേണ്ടതുണ്ട്. കെഎഎസ്സില്‍ നിയമനം നടത്തുന്ന മൂന്ന് സ്ട്രീമുകളിലും സംവരണം പാലിക്കണമെന്ന നിയമവകുപ്പിന്റെ ഉപദേശം മറികടന്നാണ് സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കെഎഎസ്സിലേക്കുള്ള നിയമനങ്ങളില്‍ 66 ശതമാനത്തിലും സംവരണമില്ലാതാവുന്ന അവസ്ഥയാണുണ്ടാവാന്‍ പോവുന്നത്. സംവരണമുള്ളതിനാലാണ് പിന്നാക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കുറച്ചെങ്കിലും പ്രാതിനിധ്യമുള്ളത്. പുതുതായി ആരംഭിക്കുന്ന കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സംവണം അട്ടിമറിക്കപ്പെട്ടാല്‍ ഭരണത്തിന്റെ ഉയര്‍ന്ന സ്ഥാനങ്ങള്‍ പിന്നാക്ക പ്രാതിനിധ്യം ശുഷ്‌കമാവുന്ന അവസ്ഥവരുമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.


Tags:    

Similar News