കര്‍ണാടക: യെദിയൂരപ്പയെ മാറ്റിയില്ലെങ്കില്‍ അട്ടിമറി നടക്കുമെന്ന് വിമതര്‍; അമ്പരന്ന് ബിജെപി

സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ബിജെപി എംഎല്‍സിമാര്‍ തന്നെ സജീവമാക്കിയത് പാര്‍ട്ടിയെ അമ്പരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെദിയൂരപ്പക്കെതിരെ രംഗത്തെത്തി.

Update: 2020-02-20 11:55 GMT

ബംഗളൂരു: മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിമതര്‍ യോഗം ചേര്‍ന്നത് കര്‍ണാടകയില്‍ ബി.ജെ.പിയെ അമ്പരിപ്പിച്ചു. യെദിയൂരപ്പയുടെ പ്രായം ഉയര്‍ത്തിക്കാട്ടിയാണ് കര്‍ണാടകത്തില്‍ ഒരു വിഭാഗം ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എം.എല്‍.സിമാരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. മന്ത്രിസഭാ വികസനത്തില്‍ നിന്നും തഴയപ്പെട്ട മുതിര്‍ന്ന നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന്റെ വസതിയില്‍ വെച്ചാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. 77 വയസ് പൂര്‍ത്തിയായ യെദിയൂരപ്പയ്ക്ക് ഇനി മുഖ്യമന്ത്രി പദവിയില്‍ തുടരുന്നതിന് ശാരീരിക അവശതകള്‍ ഉണ്ടെന്നാണ് ഇവരുടെ വാദം. മാത്രമല്ല പ്രായം കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായത്തിന്റെ മാനദണ്ഡം മറികടന്നാണ് അദ്ദേഹത്തെ മുഖ്യനാക്കിയതെന്നും ഇവര്‍ പറയുന്നു.

സര്‍ക്കാരിനെ അട്ടിമറിക്കുന്ന നീക്കങ്ങള്‍ ബിജെപി എംഎല്‍സിമാര്‍ തന്നെ സജീവമാക്കിയത് പാര്‍ട്ടിയെ അമ്പരിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അതിനിടെ പുതിയ ഒരു വിഭാഗം നേതാക്കള്‍ കൂടി യെദിയൂരപ്പക്കെതിരെ രംഗത്തെത്തി.സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് മുഖ്യമന്ത്രിക്കതിരെ യോഗം ചേര്‍ന്നത്. സമുദായ പുരോഹിതന്റെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലിലായിരുന്നു യോഗം. സമുദായത്തിന് മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഒബിസി ലിസ്റ്റില്‍ പഞ്ചശാലി സമുദായത്തെ ഉള്‍പ്പെടുത്തുക, സമുദായാംഗമായ മുതിര്‍ന്ന നേതാവിനെ പാര്‍ട്ടി എം.എല്‍.സി ആക്കുക തുടര്‍ന്ന ആവശ്യങ്ങളും ഇവര്‍ ഉയര്‍ത്തി. യെദിയൂരപ്പക്കെതിരെയുള്ള അജ്ഞാത കത്തും പാര്‍ട്ടിക്കകത്ത് പ്രചരിക്കുന്നുണ്ട്. മക്കള്‍ രാഷ്ട്രീയം വളര്‍ത്താനാണ് യെദിയൂരപ്പ ശ്രമിക്കുന്നതെന്നും രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും യെദിയൂരപ്പയുടെ കുടുംബാംഗങ്ങള്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു.

യെദിയൂരപ്പയ്ക്ക് പകരം ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിമതര്‍ ആവശ്യപ്പെടുന്നത്. കേന്ദ്ര നേതൃത്വം ഇതിനുവഴങ്ങിയില്ലേങ്കില്‍ ബിജെപിയുടെ കൈയില്‍ നിന്നും ഭരണം നഷ്ടപ്പെടാന്‍ വരെ കാരണമാകുമെന്ന സൂചനയും വിമത നേതാക്കള്‍ നല്‍കുന്നു. അതൃപ്തരായ നേതാക്കള്‍ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയില്‍ നിന്ന് തഴയപ്പെട്ട മുതിര്‍ന്ന നേതാവ് ഉമേഷ് കട്ടിയാണ് കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.





Tags:    

Similar News