കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നേരേ ലാത്തിച്ചാര്‍ജ്; നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-06-13 10:56 GMT

കണ്ണൂര്‍: തളിപ്പറമ്പിനടുത്ത് കരിമ്പത്ത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന് നേരേ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിമ്പം കില കാംപസിന് മുന്നിലെ റോഡിന് സമീപം പോലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്- യൂത്ത് ലീഗ് പ്രവര്‍ത്തകരെയാണ് പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തത്.

ജില്ലാ വൈസ് പ്രസിഡന്റ് വി രാഹൂല്‍, സംസ്ഥാന കമ്മിറ്റി അംഗം രാഹുല്‍ ദാമോദരന്‍, സി വി വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ പി നൗഷാദ്, അഷ്‌റഫ് ബപ്പു, സയീദ് പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹുല്‍ കപ്പാലം, അനസ് കപ്പാലം, സഫ് വാന്‍ ഇരിങ്ങല്‍, ആഷിഖ് തടിക്കടവ്, ജുബൈര്‍ അരിയില്‍, അലി മംഗര, നൗഷാദ് പുതുക്കണ്ടം, ഓലിയന്‍ ജാഫര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തു.

രാവിലെ പത്തരയോടെയാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മശാല ചൊറുക്കള വഴി കരിമ്പത്തെ കാംപസിലെത്തിയ ശേഷമായിരുന്നു സംഭവം. ഒരുവിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തത്. പോലിസ് പ്രതിഷേധക്കാരെ റോഡിലൂടെ അമ്പത് മീറ്ററോളം അടിച്ചോടിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. അറസ്റ്റിലായവരെ മാങ്ങാട്ടുപറമ്പിലെ കെഎപി ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

രാവിലെ ഒമ്പത് മുതല്‍ സംസ്ഥാന പാതയില്‍ പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി സിഐ എ വി ദിനേശന്‍, എസ്‌ഐ പി സി സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. ജലപീരങ്കി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയത്.

Tags:    

Similar News