'പോലിസിന്റെ പണി സിപിഎം എടുക്കേണ്ട'; കെ. റെയില്‍ സര്‍വെക്കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍നിന്ന് സിപിഎം നേതാക്കളെ ഇറക്കിവിട്ടു

Update: 2022-03-09 10:36 GMT

പരപ്പനങ്ങാടി: കെ. റെയില്‍ സ്ഥാപിക്കാനുള്ള നടപടിയുടെ മുന്നോടിയായി നാട്ടുന്ന സര്‍വെ കല്ല് സ്ഥാപിക്കുന്ന ഭൂമിയില്‍ പ്രവേശിച്ച സിപിഎം നേതാക്കളെ സ്ഥലം ഉടമകള്‍ ഇറക്കിവിട്ടു. പരപ്പനങ്ങാടി ചിറുംഗലത്താണ് സംഭവം. ഇന്ന് രാവിലെയാണ് സര്‍വെയുടെ ഭാഗമായി കല്ല് സ്ഥാപിച്ചത്.

കെ.റെയില്‍ വിരുദ്ധ സമര സമിതി നേതാവും സിപിഎം അനുഭാവിയുമായിരുന്ന അബൂബക്കര്‍ ചെങ്ങാടിന്റെ ഭൂമിയില്‍ സര്‍വെ നടപടി തുടരുന്ന സമയം സിപിഎം നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ടി കാര്‍ത്തികേയന്‍, ജയപ്രകാശന്‍ എന്നിവരടങ്ങുന്ന സംഘം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ എത്തിയതാണ് സമരക്കാരെ ചൊടിപ്പിച്ചത്.

ഭൂമിയില്‍ പ്രവേശിച്ച നേതാക്കളോട് തന്റെ ഭൂമിയില്‍ എന്തിന് വന്നതാണന്ന അബൂബക്കറിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ നേതാക്കള്‍ക്കായില്ല. പോലിസിന്റെ പണി സിപിഎം എടുക്കേണ്ടന്നും അതിന് ഉദ്യോഗസ്ഥരുണ്ടന്നും പറഞ്ഞാണ് സമരസമിതി ചെയര്‍മാന്‍ നേതാക്കളെ ഇറക്കിവിട്ടത്.

പലയിടങ്ങളിലും സമരത്തെ തണുപ്പിക്കാനുള്ള പല അടവുകളും സിപിഎം പുലര്‍ത്തുണ്ട്. ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സിപിഎം നേതാക്കള്‍ പല സമരഭൂമിയിലും എത്തുന്നത്.

സമരക്കാരെ നേരിടാന്‍ വന്‍ പോലിസ് സംഘമാണ് നിലയുറപ്പിച്ചിട്ടുള്ളത്.

Tags:    

Similar News