'കെ വി തോമസ് ഓട് പൊളിച്ച് പാര്‍ലമെന്റില്‍ പോയതല്ല';തോമസിനെ കൈ വിടാതെ കെ മുരളീധരന്‍

കെ വി തോമസിന് നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍

Update: 2022-04-09 05:20 GMT
തിരുവനന്തപുരം:കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരന്‍ എംപി.അദ്ദേഹത്തിന് നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍.ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റില്‍ പോയതെന്നും മുരളീധരന്‍ വ്യക്തമാക്കി.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

കെ വി തോമസിനെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല.ഇത്രയും കാലം ഒപ്പം നിന്ന തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ വിഷമമുണ്ട്, അദ്ദേഹത്തിന് ചില പ്രയാസങ്ങള്‍ ഉണ്ടായിരുന്നത് പരിഹരിക്കാന്‍ കഴിഞ്ഞില്ല.പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് പങ്കെടുക്കാന്‍ പോയാലുണ്ടാകുന്ന നടപടിയെ കുറിച്ച് മാഷിന് തന്നെ അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നത് കേരള ഘടകമാണ്. കോണ്‍ഗ്രസ് നശിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരാണ് കേരളത്തിലെ സിപിഎം,അതിനാല്‍ കേരളത്തിന് പുറത്ത് മറ്റെവിടെയെങ്കിലുമായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതെങ്കില്‍ പങ്കെടുക്കാമായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ് ആശയം പറയുമെന്ന് കെ വി തോമസ് പറഞ്ഞതിനോട് വെട്ടാന്‍ വരുന്ന പോത്തിനോട് കോണ്‍ഗ്രസ് ആശയം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

എഐസിസി നിര്‍ദേശം തള്ളി സെമിനാറില്‍ പങ്കെടുക്കുന്ന കെ വി തോമസിനെതിരേ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തേ വ്യക്തമാക്കിയതാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എഐസിസിയില്‍ ഉയര്‍ന്നിട്ടുള്ളത്.

Tags: