കശ്മീരില്‍ പോലിസ് കസ്റ്റഡിയില്‍ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

Update: 2022-07-12 08:51 GMT

ശ്രീനഗര്‍:കശ്മീരില്‍ മോഷണക്കേസ് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്ത മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടതായി പരാതി.21 കാരനായ മുനീര്‍ ലോണാണ് പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്.കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഒരു പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

മോഷണക്കേസില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ച് ജൂലൈ 9ന് രാവിലെയാണ് ലോണിനെ നൗഗാം പോലിസ് കസ്റ്റഡിയിലെടുത്തത്. ഉച്ചകഴിഞ്ഞ്,പോലിസ് സംഘം ലോണിന്റെ വീട്ടിലെത്തി, ബോധം നഷ്ടപ്പെട്ടതായി വീട്ടുകാരോട് പറഞ്ഞതായി മാതാവ് ഷഫീക്ക പറയുന്നു.പോലീസ് സംഘം തന്നെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു.വാഹനത്തില്‍ കയറിയ തന്നെകൊണ്ട് ചില പേപ്പറുകള്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചതായും മാതാവ് വ്യക്തമാക്കി.'ഞാന്‍ കാറില്‍ കയറിയപ്പോള്‍ മധ്യ സീറ്റില്‍ ലോണ്‍ കിടക്കുന്നത് കണ്ടു,അവന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല,അവര്‍ എന്നെ ചില പേപ്പറുകളില്‍ ഒപ്പിടുവിച്ചു' ഷഫീക്ക പറഞ്ഞു.തുടര്‍ന്ന് പോലിസ് ലോണിനെ വീട്ടിലെത്തിക്കുകയായിരുന്നു.വീട്ടിലെത്തിച്ച സമയത്ത് ലോണിന് ബോധമുണ്ടായിരുന്നില്ലെന്നും മാതാവ് പറഞ്ഞു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എന്നാല്‍, കുടുംബത്തിന്റെ വാദങ്ങള്‍ പോലിസ് തള്ളി കളഞ്ഞു. മയക്കുമരുന്ന് അമിതമായി കഴിച്ചതിനാലാണ് ലോണ്‍ മരണപ്പെട്ടതെന്ന് പോലിസ് സീനിയര്‍ സൂപ്രണ്ട് രാകേഷ് ബല്‍വാള്‍ പറഞ്ഞു.അദ്ദേഹത്തെ പുനരധിവാസ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടതായും പോലിസ് പറയുന്നു.

എന്നാല്‍, കുറ്റകൃത്യം മറച്ചുവെക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.കശ്മീരില്‍ ഒരിടത്തു പോലും ലോണിനെതിരേ പോലിസ് കേസില്ല. മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞ് കൊലപാതകത്തെ ന്യായീകരിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags:    

Similar News