സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക: യുഎസിനോട് ഇറാന്‍

നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.

Update: 2020-06-02 12:43 GMT

തെഹ്‌റാന്‍: സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് യുഎസിനോട് ഇറാന്‍. മിനിയാപൊളിസില്‍ കറുത്ത വര്‍ഗക്കാരനെ പോലിസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനെതിരേ രാജ്യത്ത് അലയടിക്കുന്ന വന്‍ പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഭരണകൂട നീക്കത്തിനെതിരേയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം രംഗത്തുവന്നത്. 

'അമേരിക്കന്‍ ജനതയോട്: ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട നിങ്ങളുടെ നിലവിളി ലോകം കേട്ടിട്ടുണ്ട്. ലോകം നിങ്ങളോടൊപ്പം നില്‍ക്കുന്നു' വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി തെഹ്റാനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

മെയ് 25ന് ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസിനെതിരേ കൊലപാതകമുള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തണമെന്നും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങള്‍ ആയിരങ്ങളാണ് യുഎസിലെ തെരുവുകള്‍ കീഴടക്കിയത്.

വെള്ളക്കാരനായ പോലിസ് ഉദ്യോഗസ്ഥന്‍ ഡെറിക് ചൗവിന്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ ശ്വാസം നിലയ്ക്കുംവരെ കാല്‍മുട്ടുകള്‍ ഉപയോഗിച്ച് അമര്‍ത്തുകയായിരുന്നു. 

Tags: