ഇന്നർ ലൈൻ പെർമിറ്റ് വില്ലനല്ല; ജനാധിപത്യ പരിരക്ഷ: പൗരത്വ ഭേദഗതി നിയമത്തിന്റെ പാശ്ചാത്തലത്തിൽ തേജസ് ന്യൂസ്‌ അവലോകനം

ഇന്നലെ വരെ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളില്‍ മറ്റാര്‍ക്കും സ്ഥിരതാമസം അനുവദിക്കാറില്ലായിരുന്നു. ഇപ്പോള്‍ ഈ നിയമമനുസരിച്ചും അത് സാധ്യമല്ലെന്നതാണ് ഇന്നലെ രാഷ്ട്രപതി ഒപ്പുവച്ച നിയമം പറയുന്നത്. അത് സമരം ചെയ്തവരുടെ വിജയമാണ്.

Update: 2019-12-18 08:18 GMT

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചെകുത്താന്‍. എല്ലാവരും ഇന്നര്‍ ലൈന്‍ പെര്‍മിറ്റില്‍ കേറിപ്പിടിച്ചിരിക്കുകയാണ്. അത് ഇന്ത്യയെ കീറി മുറിക്കുന്നുവെന്നും രാജ്യത്തിനകത്തൊരു രാജ്യമാണെന്നുമൊക്കെ പലരും കണ്ടെത്തിക്കഴിഞ്ഞു. ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഒരു വിസയാണെന്ന വ്യാഖ്യാനവുമുണ്ട്. സാങ്കേതിക അര്‍ത്ഥത്തില്‍ അത് ശരിയാണെങ്കിലും അത് പൂര്‍ണമായും ശരിയല്ല. ഒരു രാജ്യത്തിനുള്ളിലെ പ്രദേശങ്ങളെ വിനോദസഞ്ചാരികളുടെ മാനസികാവസ്ഥയിലല്ല കാണേണ്ടത് മറിച്ച്, അവിടത്തെ ജനതയുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയാലാണ്.

എന്താണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്?

ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന് 19 ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ബംഗാള്‍ ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റഗുലേഷന്‍, 1873 എന്ന പേരില്‍ നിയമം പാസ്സായതോടെയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് യാഥാര്‍ത്ഥ്യമാകുന്നത്. ഈ നിയമമനുസരിച്ച് ഇന്ത്യയുടെ കിഴക്കന്‍ മേഖലകളെ ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരിന് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കഴിയും. ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്തേക്ക് ബ്രിട്ടീഷ് പ്രജകള്‍ക്ക് അതായത് ഇന്ത്യക്കാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാനാവില്ല. അതിന് പ്രാദേശിക സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി തേടേണ്ടതുണ്ട്. ഇതാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. അങ്ങനെ ഇവിടെ എത്തുന്നവര്‍ക്ക് സ്ഥിരതാമസമോ കച്ചവടമോ കൃഷിയോ അനുവദിക്കുകയുമില്ല.

തേയില പോലുള്ള തോട്ടംവ്യവസായവും ആനകള്‍ പോലുള്ള വനവിഭവങ്ങളും കൊണ്ട് ഈ പ്രദേശം ബ്രിട്ടിഷ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായിരുന്നു. പുറത്തുനിന്നുള്ള സാമ്പത്തിക മത്സരങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്. ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള അധീനതയിലുള്ള ഈ പ്രദേശത്തേക്ക് മറ്റുള്ളവരുടെ പ്രവേശനം ഈ നിയമം വഴി അവര്‍ക്ക് തടയാനാവും.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യന്‍ ഭരണഘടന രൂപം കൊണ്ടു. പക്ഷേ, ഈ ഇന്നര്‍ ലൈന്‍ പെര്‍മിറ്റുകള്‍ നാം നിലനിര്‍ത്തി. ഇത്തവണ പക്ഷേ, താല്പര്യം കച്ചവടമായിരുന്നില്ല. ജനാധിപത്യപരമായിരുന്നു. ഒരു പ്രദേശത്തെ തദ്ദേശ ജനതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇതുവഴി കഴിയുമെന്ന് ഭരണഘടന നിര്‍മ്മാതാക്കള്‍ മനസ്സിലാക്കി. ആദിവാസികളും തദ്ദേശ ജനവിഭാഗങ്ങളും പുറത്തുനിന്നുള്ളവരുടെ ആഭ്യന്തര കോളനിയാവാതിരിക്കാനുള്ള ഒരു പരിരക്ഷയെന്ന നിലയിലാണ് അത് നിലനിര്‍ത്തിയത്. ഇന്ത്യയെ സംന്ധിച്ചിടത്തോളം ഇത്തരം കോളനിവല്‍ക്കരണത്തിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ തദ്ദേശിയരുടെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കരുതപ്പെട്ടു. അതേ മട്ടിലാണ് ആദിവാസി സ്വയംഭരണ കൗണ്‍സിലുകളും രൂപം കൊണ്ടിട്ടുള്ളത്. ഈ പ്രദേശങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാമെങ്കിലും അത് നിബന്ധനകള്‍ക്ക് വിധേയമാണ്.

നിലവില്‍ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റുകള്‍ ആവശ്യമായ പ്രദേശങ്ങള്‍ ഉള്ളത്. അവിടേക്ക് പോകണമെങ്കില്‍ നമുക്ക് സാധാരണ നിലയില്‍ 7 ദിവസത്തെ അനുമതി ലഭിക്കും. വേണമെങ്കില്‍ അത് നീട്ടി വാങ്ങാം. റഗുലര്‍ പെര്‍മിറ്റും ലഭ്യമാണ്. അവിടെ ജോലി ചെയ്യുന്നവര്‍ക്കാണ് റഗുലര്‍ പെര്‍മിറ്റ് ലഭിക്കുന്നത്. ആറ് മാസമാണ് പെര്‍മിറ്റ്.

പൗരത്വ ഭേദഗതി നിയമം പാസ്സാക്കുന്ന സമയത്ത് ഈ ഇന്നര്‍ ലൈന്‍ പെര്‍മിറ്റുകളെ പരിഗണിച്ചിരുന്നില്ല. നിയമം രാജ്യസഭയിലെത്തുന്നതിനു തൊട്ട് മുമ്പ് വരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ പാട്ടിലാക്കാന്‍ അമിത് ഷാ ശ്രമിച്ചിരുന്നു. അദ്ദേഹമവിടെ രണ്ട് മൂന്നു ദിവസം സ്റ്റേ ചെയ്തു. പത്തറുപത് സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ചില ഇളവുകള്‍ വരുമെന്നും പറഞ്ഞു. നോട്ടിഫൈ ചെയ്ത മേഖലകള്‍, സ്വയംഭരണ കൗണ്‍സിലുകള്‍ എന്നിവ ഒഴിവാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ പ്രദേശങ്ങള്‍ ഇപ്പോഴും ആര്‍ക്കും സ്ഥിരതാമസം അനുവദിക്കാത്തതാണെന്് അവര്‍ അമിത് ഷായെ ബോധിപ്പിച്ചുവെങ്കിലും നിയമത്തില്‍ അതുണ്ടായിരുന്നില്ല. അതോടെയാണ് അവര്‍ സമരം തുടങ്ങുന്നത്.

സമരം ശക്തമായതോടെ അമിത് ഷാ കുനിയാന്‍ തയ്യാറായി. മണിപ്പൂരില്‍ നോട്ടിഫൈ ചെയ്ത മേഖലകളെ പൗരത്വ നിയമത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അമിത് ഷാ തയ്യാറായി. മറ്റിടങ്ങൡ നിയമം നിലനില്‍ക്കും.

അതായത് ഇപ്പോള്‍ സംഭവിച്ചത് ഇത്രമാത്രം: ഇന്നലെ വരെ നോട്ടിഫൈ ചെയ്ത പ്രദേശങ്ങളില്‍ മറ്റാര്‍ക്കും സ്ഥിരതാമസം അനുവദിക്കാറില്ലായിരുന്നു. ഇപ്പോള്‍ ഈ നിയമമനുസരിച്ചും അത് സാധ്യമല്ലെന്നതാണ് ഇന്നലെ രാഷ്ട്രപതി ഒപ്പുവച്ച നിയമം പറയുന്നത്. അത് സമരം ചെയ്തവരുടെ വിജയമാണ്. അമിത് ഷായുടെ പരാജയവും. മണിപ്പൂരിലെ മറ്റിടങ്ങളില്‍ ഈ നിയമം ബാധകമാവുമെന്നത് മറ്റൊരു കാര്യം.



Tags:    

Similar News