മുതിര്‍ന്ന പൗരന്‍മാരെ ലക്ഷ്യമിട്ട് തട്ടിപ്പ്: ഇന്ത്യക്കാരന്‍ യുഎസില്‍ അറസ്റ്റില്‍

Update: 2022-06-12 05:53 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ മുതിര്‍ന്ന പൗരന്‍മാരെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി അറസ്റ്റിലായി. അനിരുദ്ധ കല്‍കോട്ടെ എന്ന 24കാരനെയാണു ഫെഡറല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വിര്‍ജീനിയയില്‍ നിന്ന് അറസ്റ്റുചെയ്തത്. ഇയാളെ ഹൂസ്റ്റണിലെ യുഎസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഗൂഢാലോചന, തപാല്‍ തട്ടിപ്പ് എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഹൂസ്റ്റണിലെ അനധികൃത താമസക്കാരനായ എം ഡി ആസാദ് എന്ന 25കാരനെയും പോലിസ് കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്കെതിരേ 2020 ആഗസ്തിലും ആരോപണമുയര്‍ന്നിരുന്നു. വീണ്ടും ഇയാളെ കോടതിയില്‍ ഹാജരാക്കും.

കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്ക് 20 വര്‍ഷംവരെ തടവും 2.5 ലക്ഷം ഡോളര്‍വരെ പിഴയും ലഭിക്കാം. കേസില്‍ കുറ്റക്കാരാണെന്നു നേരത്തേതന്നെ കണ്ടെത്തിയ സുമിത് കുമാര്‍ സിങ് (24), ഹിമാന്‍ഷു കുമാര്‍ (24), എം ഡി ഹസീബ് (26) എന്നിവര്‍ വിധിക്കായി കാത്തിരിക്കുകയാണ്. ഇവരെല്ലാം ഹൂസ്റ്റണിലെ അനധികൃത താമസക്കാരാണ്. ഒരു ഓണ്‍ലൈന്‍ പണമയയ്ക്കല്‍ സംവിധാനം ഉപയോഗിച്ച് ആളുകളുടെ സ്വകാര്യബാങ്ക് വിവരങ്ങള്‍ ശേഖരിച്ചാണു സംഘം തട്ടിപ്പ് നടത്തിയത്. പ്രതികള്‍ ഇരകളെ പലതരം തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കബളിപ്പിക്കുന്നത്. പിന്നീട് വെസ്‌റ്റേണ്‍ യൂനിയന്‍ അല്ലെങ്കില്‍ മണിഗ്രാം പോലുള്ളവയില്‍ നിന്ന് പണം അയക്കാനും ആവശ്യപ്പെടും.

ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കി വഞ്ചിച്ചും ഇവര്‍ പണം സമ്പാദിച്ചതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയില്‍ അറിവുള്ളവരാണ് തട്ടിപ്പുകള്‍ക്ക് പിന്നില്‍. തട്ടിപ്പുകാര്‍ ഇരകളെ ഫോണിലൂടെയോ ഇന്റര്‍നെറ്റ് സൈറ്റുകള്‍ വഴിയോ ആണ് ബന്ധപ്പെട്ടിരുന്നത്. എന്നിരുന്നാലും എല്ലാ കുറ്റകൃത്യങ്ങളും ഒരു പ്രത്യേക ഫോണ്‍ നമ്പറില്‍ കേന്ദ്രീകരിച്ചിരുന്നു എന്നും കുറ്റപത്രം ആരോപിക്കുന്നു.

ഇരകള്‍ തട്ടിപ്പുകാരുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍ സാങ്കേതിക പിന്തുണാ സേവനങ്ങള്‍ നല്‍കുന്നതിന് കംപ്യൂട്ടറില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ ഇത് അനുവദിക്കുന്നതോടെയാണ് ഇവര്‍ വഞ്ചിതരാവുന്നത്. ഇരകളുടെ കംപ്യൂട്ടറിലേക്കുള്ള ആക്‌സസ് നല്‍കുന്നതോടെ ഇവരുടെ സ്വകാര്യമായ ബാങ്ക് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എല്ലാം തട്ടിപ്പുകാര്‍ നിയന്ത്രിക്കുന്ന അവസ്ഥ ആയിരുന്നു എന്നും നീതിന്യായ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News