തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം; ഓടിമാറിയതിനാല്‍ യുവതി തലനാരിഴയ്ക്കു രക്ഷപ്പെട്ടു

മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് മലമ്പുഴ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്

Update: 2021-01-12 07:33 GMT

പാലക്കാട്: യുവതിയെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവ് പോലിസ് സ്‌റ്റേഷനില്‍ കീഴടങ്ങി. മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് മലമ്പുഴ സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. രാവിലെ 11.30ന് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യന്‍ സ്ഥാപനത്തില്‍ ക്ലാസ് കഴിഞ്ഞ് ഭാര്യ സരിത പുറത്തേക്ക് ഇറങ്ങുമ്പോഴാണു സംഭവം. ഓടിമാറിയതിനാല്‍ സരിത തലനാരിഴക്കു രക്ഷപെടുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.

ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പോലിസ് സ്‌റ്റേഷനില്‍ ബാബുരാജ് കീഴടങ്ങി. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Tags: