മക്കള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്
അങ്കമാലി: മൂക്കന്നൂരില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ നോക്കി നില്‍ക്കെ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. ശ്രീമൂലനഗരം സ്വദേശിനി റിയ (36)ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് മൂക്കന്നൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കു സമീപം സംഭവം നടന്നത്. കഴുത്തിലും വയറിലും തോള്‍ ഭാഗത്തുമാണ് കുത്തേറ്റത്. ആദ്യം മൂക്കന്നൂര്‍ എംഎജിജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു ശേഷം ഭര്‍ത്താവ് പുതുശ്ശേരി വീട്ടില്‍ ജിനു (46) കടന്നുകളഞ്ഞു. ദീര്‍ഘകാലമായി ഇവര്‍ തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. വിവാഹമോചന കേസ് കോടതിയില്‍ നിലനില്‍ക്കുകയാണ്.
റിയ കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയിരുന്നു. കോടതി ഉത്തരവുപ്രകാരം മക്കളെ കാണാന്‍ എത്തിയ റിയ, മക്കളോടൊപ്പം കാളര്‍കുഴി റോഡില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ആക്രമിച്ചത്. കുട്ടികളെ കാണരുതെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്ന ജിനു, റിയ മുന്നറിയിപ്പ് അവഗണിച്ചതില്‍ പ്രകോപിതനായിരുന്നു. സംഭവത്തില്‍ അങ്കമാലി പോലിസ് അന്വേഷണം ആരംഭിച്ചു.