ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

Update: 2025-09-30 06:48 GMT

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയ അജയ് കുമാര്‍(30) ആണ് ഭാര്യ സ്വീറ്റി ശര്‍മ്മ (28)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് ഗുരുഗ്രാമിലെ സെക്ടര്‍ 37ലെ മില്ലേനിയം സിറ്റി സൊസൈറ്റിയിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് സ്വദേശിയായ അജയും പശ്ചിമബംഗാളിലെ അസന്‍സോള്‍ സ്വദേശിനിയായ സ്വീറ്റിയും ടെക് മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. മൂന്നുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസങ്ങളിലായി ദമ്പതികള്‍ക്കിടയില്‍ സ്ഥിരം തര്‍ക്കമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായി.

'ജീവിതം അവസാനിപ്പിക്കുന്നു, ഭാര്യയുമായി വഴക്കുണ്ട്' എന്ന് സംഭവ ദിവസം അജയ് സുഹൃത്തിന് വാട്‌സാപ്പില്‍ വീഡിയോ സന്ദേശം അയച്ചു. സന്ദേശം ലഭിച്ച ഉടന്‍ പോലിസിനെ അറിയിച്ച് ഫ്‌ളാറ്റിലെത്തിയെങ്കിലും അജയ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലും, ഭാര്യ സ്വീറ്റി നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് ഭാര്യയെ കൊന്നതിന് ശേഷമാണ് അജയ് ആത്മഹത്യ ചെയ്തത്.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി പോലിസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags: