ഭാര്യയെ കൊലപ്പെടുത്തി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി; ഭര്‍ത്താവ് അറസ്റ്റില്‍
ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസിട്ട് ഭര്‍ത്താവ്. തിരുനെല്‍വേലി സ്വദേശിനിയും കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ബാലമുരുകനെ പോലിസ് അറസ്റ്റ് ചെയ്തു. വിവാഹബന്ധം പ്രശ്‌നങ്ങളില്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുപേരും വേര്‍പിരിഞ്ഞ് താമസിച്ചുവരികയായിരുന്നു. കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ബാലമുരുകന്‍ ഹോസ്റ്റലിലെത്തിയത്. എന്നാല്‍ ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ആരുമറിയാതെ അരിവാള്‍ ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ തര്‍ക്കമാണ് കൊലയിലേക്ക് വഴിമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ശ്രീപ്രിയയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും മൃതദേഹത്തോടൊപ്പം സെല്‍ഫിയെടുത്ത് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി വഞ്ചനയ്ക്കുള്ള മറുപടി മരണം എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണമുണ്ടായതോടെ ഹോസ്റ്റലിലെ താമസക്കാരെല്ലാം ഭയന്ന് പുറത്തേക്കോടി. സംഭവസ്ഥലത്ത് വച്ച് തന്നെ ബാലമുരുകനെ പോലിസ് അറസ്റ്റ് ചെയ്യുകയും ആയുധം കണ്ടെടുക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തിനാലാണ് കൊലപാതകമെന്നാണ് പോലിസ് അനുമാനിക്കുന്നത്.