ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-12-23 07:53 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഗായത്രി (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അനന്തി (64)യെ പോലിസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലാണ് സംഭവം.

ഞായറാഴ്ച വൈകുന്നേരം സ്വത്ത് കാണിക്കാമെന്ന വ്യാജേന അനന്ത് ഗായത്രിയെ ബെംഗളൂരുവിലെ മിറ്റഗനഹള്ളി ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കല്ലുകൊണ്ട് തലക്കടിച്ച് ഗായത്രിയെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം അനന്ത് ആംബുലന്‍സ് വിളിച്ചു വരുത്തി സംഭവം റോഡ് അപകടമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ചിക്കജാല ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലും പരിശോധനയിലുമാണ് സംഭവത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്.

തുടര്‍ പരിശോധനയില്‍ സ്ത്രീ അപകടത്തില്‍ മരിച്ചതല്ലെന്നും സംഭവം കൊലപാതകമാണെന്നും സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അനന്തിനെതിരേ പോലിസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Tags: