പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍: മാസ്‌ക്കുംതെര്‍മല്‍ സ്‌കാനറും നിര്‍ബന്ധമാക്കണം

Update: 2020-07-14 13:58 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 16 ന് നടക്കുന്ന കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ കേന്ദ്രങ്ങള്‍ പൂര്‍ണമായി അണുവിമുക്തമാക്കി ശുചിത്വം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ കൊവിഡ് തീവ്ര ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്ന രക്ഷകര്‍ത്താക്കളുടെ ആശങ്ക തള്ളികളയാനാവില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഒരു രക്ഷകര്‍ത്താവായ സണ്ണി സി മറ്റം സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധന നിര്‍ബന്ധമാക്കണം. പരീക്ഷാര്‍ത്ഥികളും പരീക്ഷക്ക് മേല്‍നോട്ടം വഹിക്കുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനുമുമ്പ് പരീക്ഷാര്‍ത്ഥികള്‍ക്ക് കൈകള്‍ വ്യത്തിയാക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രങ്ങളില്‍ഏര്‍പ്പാടാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

പ്രവേശന പരീക്ഷ കമ്മീഷണര്‍ക്കും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. പരീക്ഷാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ആശങ്ക പൂര്‍ണമായും പരിഹരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. 

Similar News