കൊട്ടാരക്കര: കോട്ടാത്തലയില്‍ അമ്മയെയും മകനെയും വീടുകയറി അക്രമിച്ച സംഘത്തിലുണ്ടായിരുന്ന ഒരാളെ ഇരുവരും ചേര്‍ന്ന് പിടികൂടി പോലിസിന് കൈമാറി. കോട്ടാത്തല വയലിക്കട ചരിപ്പുറത്ത് വീട്ടില്‍ വിപിന്‍ (32) ആണ് അറസ്റ്റിലായത്. കാപ്പാ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വിപിനൊപ്പം വിഷ്ണു, വിശാഖ് എന്നിവര്‍ ആക്രമണത്തിലുണ്ടായതായി പോലിസ് പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. വിഷ്ണുവും നിരവധി കേസുകളില്‍ പ്രതിയാണ്.
കോട്ടാത്തല അരുണ്‍ഭവനത്തില്‍ അരുണ്‍ജിത്ത് (44), അമ്മ ഇന്ദിരാഭായി (68) എന്നിവര്‍ക്കുനേരെയാണ് ഇന്നലെ വൈകീട്ട് മൂന്നോടെ ആക്രമണം നടന്നത്. അരുണിനെ തിരഞ്ഞെത്തിയ സംഘം വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുന്നതിനിടെ തലയില്‍ മുറിവേറ്റതായി അരുണ്‍ജിത്ത് പറഞ്ഞു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്ദിരാഭായിക്കും മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തെ തുടര്‍ന്ന് നിലത്തുവീണിട്ടും അരുണ്‍ജിത്ത് പ്രതികളിലൊരാളുടെ കാലില്‍നിന്ന് പിടിവിട്ടില്ല. മറ്റു പ്രതികളെ തടയാന്‍ ശ്രമിച്ച ഇന്ദിരാഭായിയെ അക്രമികള്‍ തള്ളിയിട്ടു കടന്നുകളഞ്ഞു. തുടര്‍ന്ന് അമ്മയും മകനും ചേര്‍ന്ന് വിപിനെ പിടിച്ചുകെട്ടി. വിവരമറിഞ്ഞെത്തിയ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.
രണ്ടുദിവസം മുന്‍പ് കോട്ടാത്തലയില്‍ ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കരുതല്‍ തടങ്കലിലായിരുന്ന വിപിനെയും വിഷ്ണുവിനെയും ഇന്നലെയാണ് പോലിസ് വിട്ടയച്ചത്. സ്‌റ്റേഷനില്‍ നിന്നിറങ്ങിയശേഷമാണ് സംഘം അരുണിനെ വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് വിവരം. അരുണിന്റെ വീടിനുസമീപമുള്ള കളത്തട്ടില്‍ മദ്യപാനവും അസഭ്യം വിളിയും പതിവായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനിടയാക്കിയതെന്നും അരുണ്‍ജിത്ത് ആരോപിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.