ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

Update: 2023-02-04 02:25 GMT

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. അദാനിയുടെ സാമ്പത്തിക വിവരങ്ങളും രേഖകളും മന്ത്രാലയം പരിശോധിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് പുറത്തുവന്നതിന് ശേഷമുള്ള ആദ്യത്തെ അന്വേഷണമാണിത്. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അദാനി ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. അദാനിയെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ടുസഹായിക്കുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷം പാര്‍ലമെന്റിലും വിഷയമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

സെബിയും അദാനി ഗ്രൂപ്പിനെതിരേ പ്രാഥമികാന്വേഷണം തുടങ്ങിയതായാണ് വിവരം. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് വന്‍ തിരിച്ചടി നേരിട്ടിരുന്നു. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കമ്പനിയുടെ ഓഹരിമൂല്യം ഇനിയും ഇടിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോര്‍പറേറ്റ് കാര്യ ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും കൃത്യസമയത്ത് ഉചിതമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Tags:    

Similar News