സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി പൗരാവകാശങ്ങള്‍ നിഷേധിക്കുന്നത്: വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2020-07-15 11:45 GMT

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തുപേര്‍ നടത്തുന്ന സമരങ്ങള്‍ പോലും പാടില്ലെന്ന ഹൈക്കോടതി നിലപാട് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സര്‍ക്കാരുകള്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതിനാലാണ് ജനങ്ങളുടെ പ്രതിഷേധങ്ങളുയരുന്നത്. ഇത്തരം ജനവിരുദ്ധ തീരുമാനങ്ങളും നടപടികളും കൊവിഡ് കാലത്ത് ഉപേക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നത്.

    സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളെയോ കൊവിഡ് പ്രതിരോധ നടപടികളെയോ ആരും എതിര്‍ക്കുന്നില്ല. ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന നിലപാടുകള്‍ സര്‍ക്കാരുകള്‍ ഈ കാലത്ത് നിര്‍ത്തിവയ്ക്കുകയാണ് സമരങ്ങളുണ്ടാവാതിരിക്കാനുള്ള പരിഹാരം. അത് തുടര്‍ന്നു കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ പാലിച്ചുപോലും പ്രതിഷേധിക്കാന്‍ പാടില്ലെന്ന കോടതി വിധി ഭരണകൂടങ്ങളുടെ ഏകാധിപത്യ വാഴ്ചയ്ക്കാണ് വഴിയൊരുക്കുക. ഇത് രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതങ്ങളാവും സൃഷ്ടിക്കുക. ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന് പോവണമെന്നും േെകാവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags: