10000 ആദിവാസികള്‍ക്കെതിരേയുള്ള രാജ്യദ്രോഹ കേസുകള്‍ പിന്‍വലിച്ചു; ചരിത്രമായി ജാര്‍ഖണ്ഡ് മന്ത്രിസഭയുടെ ആദ്യ ഉത്തരവ്

മുന്‍ സര്‍ക്കാര്‍ 2016 ല്‍ ഛോട്ടാനാഗ്പൂര്‍ ഭൂനിയമവും സാന്ദാള്‍ പര്‍ഗര്‍ഗാന ഭൂനിയമവും ഭേദഗതി ചെയ്തിരുന്നു. ഇതുവഴി ആദിവാസി സ്വയംഭരണ മേഖലകളായി കരുതപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഖന-വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു.

Update: 2019-12-29 16:08 GMT

റാഞ്ചി: 2017 ലെ പതല്‍ഗഡി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് പോലിസ് ആദിവാസികള്‍ക്കെതിരേ എടുത്ത പതിനായിരം രാജ്യദ്രോഹ കേസുകള്‍ ഒറ്റയടിക്ക് പിന്‍വലിച്ചു. പുതുതായി സ്ഥാനമേറ്റ ജാര്‍ഖണ്ഡ് മന്ത്രിസഭയുടെ ആദ്യ ഉത്തവിലൂടെയാണ് ആദിവാസികള്‍ക്കെതിരേ മുന്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചത്. ഛോട്ടാനാഗ്പൂര്‍ ഭൂനിയമവും സാന്ദാള്‍ പര്‍ഗര്‍ഗാന ഭൂനിയമവും ഭേദഗതി ചെയ്യുന്ന സമയത്തു തന്നെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് മന്ത്രിസഭയിലെ അംഗങ്ങള്‍ പറഞ്ഞതായി പിആര്‍ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

മുന്‍സര്‍ക്കാരിന്റെ കാലം മുതല്‍ ആദിവാസികള്‍ക്കിടയില്‍ വളര്‍ന്നുവന്ന അതൃപ്തി കൃത്യമായി വിലയിരുത്താന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന് കഴിഞ്ഞുവെന്നതിന്റെ തെളിവാണ് പുതിയ നീക്കമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു. ആദിവാസികള്‍ക്കെതിരേ ചാര്‍ജ്ജ് ചെയ്ത കേസുകള്‍ മുന്‍ഗണനക്കനുസരിച്ച് പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ ഹേമന്ദ് സോറന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദിവാസി മേഖലയിലെ ഭൂരിഭാഗം സീറ്റുകളും നേടിയ ബിജെപിക്ക് ഇത്തവണ 2 സീറ്റാണ് ലഭിച്ചത്. 28 സീറ്റാണ് ആദിവാസികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇത്തവണ ഭരണകക്ഷിയുടെ പാര്‍ട്ടിയാണ് ഈ മേഖലയിലെ ഭൂരിഭാഗം സീറ്റുകളും നേടിയത്.

മുന്‍ സര്‍ക്കാര്‍ 2016 ല്‍ ഛോട്ടാനാഗ്പൂര്‍ ഭൂനിയമവും സാന്ദാള്‍ പര്‍ഗര്‍ഗാന ഭൂനിയമവും ഭേദഗതി ചെയ്തിരുന്നു. ഇതുവഴി ആദിവാസി സ്വയംഭരണ മേഖലകളായി കരുതപ്പെട്ടിരുന്ന പ്രദേശങ്ങളില്‍ ഖന-വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു.

ഈ നിയമങ്ങളാണ് ആദിവാസികളും മുന്‍ ബിജെപി സര്‍ക്കാരും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ മാറിയത്.

പുതിയ നിയമത്തിനെതിരേ ആദിവാസി മേഖലയില്‍ കനത്ത പ്രക്ഷോഭം വളര്‍ന്നുവന്നു. ആദിവാസികള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന ഭരണഘടനയുടെ ഭാഗങ്ങള്‍ കല്ലില്‍ ആലേഖനം ചെയ്ത് ആദിവാസികള്‍ ഗ്രാമകവാടങ്ങളില്‍ സ്ഥാപിച്ചു. ഒരു ഘട്ടത്തില്‍ അവര്‍ വിദ്യാഭ്യാസ, പ്രതിരോധ വകുപ്പുകളോടുകൂടിയ സമാന്തര സര്‍ക്കാരും സ്ഥാപിച്ചു. ഇതിനെതിരേയാണ് സര്‍ക്കാര്‍ രാജ്യദ്രോഹ കേസ് ചുമത്തിയത്.

എന്നാല്‍ തങ്ങള്‍ എതിരാളികള്‍ പറയുന്നതുപോലെ പതിനായിരം കേസുകള്‍ എടുത്തിട്ടല്ലെന്നാണ് ബിജെപിയുടെ വാദം. 64 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്നാണ് അവര്‍ പറയുന്നത്. അതില്‍ തന്നെ എല്ലാവര്‍ക്കെതിരെയും രാജ്യദ്രോഹക്കേസല്ലെന്നും അവര്‍ വാദിക്കുന്നു.

എന്നാല്‍ ഓരോ എഫ്‌ഐആറിലും തിരിച്ചറിഞ്ഞിട്ടില്ലാത്ത നിരവധി ആളുകളെ പ്രതിചേര്‍ത്തിട്ടുണ്ടെന്ന് പോലിസ് സമ്മതിക്കുന്നുണ്ട്.




Tags:    

Similar News