ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു; ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും

Update: 2024-01-31 17:48 GMT

ന്യൂഡല്‍ഹി: ഭൂമി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത ഇദ്ദേഹത്തെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹേമന്ദ് സോറനെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തതായാണ് റിപോര്‍ട്ട്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഗവര്‍ണറെ കാണാന്‍ കൊണ്ടുപോയി. മൂന്ന് തവണ സമന്‍സിന് മറുപടി നല്‍കാതിരുന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാം.

    കഴിഞ്ഞ ആഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാവാതിരുന്ന സോറന്‍ ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ഏജന്‍സിക്കു മുന്നില്‍ ഹാജരായത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തി. 600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഏഴ് സമന്‍സുകള്‍ അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അറസ്റ്റ് പ്രതീക്ഷിച്ച സോറന്‍, ഇന്നലെ ഭരണമുന്നണിയിലെ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയില്‍ തന്റെ പിന്‍ഗാമിയെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ സോറന്റെ ഭാര്യ കല്‍പന സോറന്‍ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഒരു സംസ്ഥാന നിയമസഭയുടെ കാലാവധിയുടെ അവസാന വര്‍ഷത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. അതിനാല്‍ കല്‍പ്പനാ സോറന്‍ മുഖ്യമന്ത്രിയായാല്‍ പോലും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടാനാവില്ല. സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റി ബില്‍ഡര്‍മാര്‍ക്ക് വില്‍ക്കാന്‍ ലേണ്ടി വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറായും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറായും സേവനമനുഷ്ഠിച്ച 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ചാവി രഞ്ജന്‍ ഉള്‍പ്പെടെ 14 പേര്‍ കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, അറസ്റ്റ് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. അദ്ദേഹത്തിനെതിരേ ബിജെപി കുറച്ചുകാലമായി നടത്തിയ ഗൂഢാലോചന വിജയിച്ചെന്നും എന്നാല്‍ ഞങ്ങളുടെ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളതിനാല്‍ ഭരണം തുടരുമെന്നും സംസ്ഥാന മന്ത്രി മിഥിലേഷ് താക്കൂര്‍ പറഞ്ഞു.

Tags:    

Similar News