വിദ്യാര്‍ഥി കണ്‍സെഷന്‍ ഓണ്‍ലൈനിലേക്ക്; സ്വകാര്യ ബസുകളിലും ഡിജിറ്റല്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുറമെ സ്വകാര്യ ബസുകളിലും വിദ്യാര്‍ഥി കണ്‍സെഷന്‍ ഓണ്‍ലൈനാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കേരള മോട്ടോര്‍വാഹന വകുപ്പിന്റെ 'എംവിഡി ലീഡ്സ്' (MVD Leads) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. ഈ സംവിധാനം പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നതോടെ വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള ആശയക്കുഴപ്പങ്ങള്‍ കുറയുമെന്ന് മോട്ടോര്‍വാഹന വകുപ്പ് പ്രതീക്ഷിക്കുന്നു.
ആപ്ലിക്കേഷന്‍ നിലവില്‍ ട്രയല്‍ റണ്‍ ഘട്ടത്തിലാണ്. വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് യാത്ര ചെയ്യേണ്ട റൂട്ട് ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം ഈ വിവരങ്ങള്‍ സ്ഥിരീകരിച്ച് ശുപാര്‍ശ നല്‍കും. ബന്ധപ്പെട്ട മോട്ടോര്‍വാഹന ഓഫീസ് അപേക്ഷ പരിശോധിച്ച് കണ്‍സെഷന്‍ അനുവദിക്കും.
ഡിജിറ്റല്‍ സംവിധാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ക്യുആര്‍ കോഡ് അടങ്ങിയ കണ്‍സെഷന്‍ കാര്‍ഡ് ലഭിക്കും. ബസില്‍ കയറുമ്പോള്‍ കണ്ടക്ടര്‍ ഈ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ യാത്രാ റൂട്ടും കണ്‍സെഷന്‍ തുകയും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ഇതുവഴി നിരക്കിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. ആപ്പ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് ജീവനക്കാര്‍ എന്നിവര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
