കേന്ദ്ര സര്‍ക്കാര്‍ സ്വന്തം അറിവില്ലായ്മയുടെയും ഭയത്തിന്റെയും തടവുകാര്‍; സാമ്പത്തിക പാക്കേജില്‍ നിരാശ പ്രകടിപ്പിച്ച്‌ ചിദംബരം

Update: 2020-05-13 16:40 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് 19, സാമ്പത്തിക ഉത്തേജന പാക്കേജില്‍ അതിയായ നിരാശ പ്രകടിപ്പിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി ചിദംബരം.  ധനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഈ സര്‍ക്കാര്‍ അറിവില്ലായ്മയുടെയും ഭയത്തിന്റെയും തടവുകാരാണെന്ന് തെളിയിക്കുന്നതായി ചിദംബരം കുറ്റപ്പെടുത്തി. ഇന്നലെ വൈകീട്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ഉത്തേജനപാക്കേജിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജില്‍ നടന്നും നിരങ്ങിയും സ്വന്തം നാടുകളിലേക്ക് പോയവര്‍ക്കും പോയിക്കൊണ്ടിരിക്കുന്നവരുമായ പാവങ്ങള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ദിനംപ്രതി തകര്‍ന്നുകൊണ്ടിരിക്കുന്ന 13 കോടി കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. ദരിദ്രജനതയ്ക്ക് സഹായം നേരിട്ട് പണമായി നല്‍കണമെന്ന് കഴിഞ്ഞ ദിവസം പ്രഫസര്‍ തോമസ് പിക്കെറ്റ് അഭ്യര്‍ത്ഥിച്ച കാര്യം ചിദംബരം ഓര്‍മിപ്പിച്ചു.

ചെറുകിട സംരഭകര്‍ക്ക് പ്രഖ്യാപിച്ച സഹായത്തെ ധനാത്മകമായി വിലയിരുത്തിയ ചിദംബരം പക്ഷേ , 45 ലക്ഷം വരുന്ന വലിയ സംരഭകര്‍ക്കാണ് എല്ലാം നീക്കിവച്ചിരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ സര്‍ക്കാര്‍ ചെറുകിട സംരംഭകരുടെ നിര്‍വചനത്തില്‍ മാറ്റംവരുത്തിയിരുന്നു.

രാജ്യത്ത് 6.3 കോടി വരുന്ന ചെറുകിട സംരംഭകര്‍ നശിച്ചുകൊണ്ടിരിക്കുന്നതായി ചിദംബരം പറഞ്ഞു. 20000 കോടിയുടെ കടമെടുപ്പും 10000 കോടിയുടെ ഇക്വിറ്റി കോര്‍പസ് ഫണ്ടും പ്രഖ്യാപിച്ച നടപടിയെ ചിദംബരം അഭിനന്ദിച്ചു. പാക്കേജിന്റെ വിശദാംശങ്ങളിലാണ് അതിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളെ കുറിച്ച് ചിദംബരം മൗനം പാലിച്ചു. എവിടെയാണ് 16.4 ലക്ഷം കോടി പുണം ഇരിക്കുന്നത്? ഈ സര്‍ക്കാര്‍ അറിവില്ലായ്മയുടെയും ഭയത്തിന്റെയും തടവുകാരാണ്. സര്‍ക്കാര്‍ ധാരാളം പണം ചെലവഴിക്കണം. പക്ഷേ, അവരതിന് തയ്യാറല്ല. കൂടുതല്‍ വിഭവസമാഹരണം നടത്തണം, അതിനും തയ്യാറല്ല. സംസ്ഥാനങ്ങളെ കടമെടുക്കാന്‍ അനുവദിക്കണം, അതിനും തയ്യാറല്ല. അദ്ദേഹം സൂചിപ്പിച്ചു.


Tags: