ബാലവേലയ്‌ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി സര്‍ക്കാര്‍

Update: 2022-06-11 11:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബാലവേലയ്‌ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നു. ബാലവേല തടയുന്നതിനു നിയമപ്രകാരമുള്ള പരിശോധനകള്‍ നടത്താന്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള കുട്ടികളെ കണ്ടെത്തിയാല്‍ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നത് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ഊര്‍ജിതമാക്കുമെന്നും ബാലവേല കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ജൂണ്‍ 12 ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കുട്ടികളെ തൊഴിലില്‍ ഏര്‍പ്പെടുത്തുന്നതിനെതിരായി വിവിധ മാധ്യമങ്ങളിലൂടെ ബാലവേല വിരുദ്ധ ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുകയും ചൈല്‍ഡ് ലൈനും വനിതാ ശിശു വികസന വകുപ്പുമായി ബന്ധപ്പെട്ടു പുനരധിവാസം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

കുട്ടികളിലെ സമഗ്ര വികാസത്തെ മുരടിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ ബാലവേല ശിക്ഷാര്‍ഹമാണ്. ഇതിനു പകരം അവരെ ക്ലാസ് മുറികളിലെത്തിക്കുകയും ഭാവി ജീവിതത്തിനുതകുന്ന നൈപുണ്യം അവര്‍ക്കു ലഭ്യമാക്കുകയുമാണ് വേണ്ടത്. കുട്ടികള്‍ ജോലിയില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പെട്ടാല്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെയോ, ചൈല്‍ഡ് ലൈന്‍, പോലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലോ, 0471 2783946 അല്ലെങ്കില്‍ 1098 എന്ന നമ്പറുകളിലോ അറിയിക്കണമെന്നു മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ഥിച്ചു.

Tags: