സ്വര്‍ണക്കടത്ത്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും

Update: 2020-08-05 13:23 GMT

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ ഐജി ക്ക് കത്ത് നല്‍കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ്‌റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, ഫൈസല്‍ ഫാരിദ് എന്നിവരുടെ സ്വത്ത് മരവിപ്പിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടരുകയാണ്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഫ്‌ളാറ്റില്‍ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജലാല്‍, ഷാഫി, ഷറഫുദ്ദീന്‍, ഷെഫീഖ് എന്നീ പ്രതികളെയാണ് തെളിവെടുപ്പിനായി എത്തിച്ചത്.

അതിനിടെ, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുന്നതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നു. കേസ് അന്വേഷിക്കുന്ന എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യ, യുഎഇ സര്‍ക്കാരിന്റെ അനുമതി തേടുമെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത്തരത്തില്‍ വിദേശത്ത് ചെന്ന് അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് അനുമതിയുണ്ട്.

യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരെക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപോര്‍ട്ട് ചെയ്യുന്നത്. 

Tags: