സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് മുല്ലപ്പള്ളി

Update: 2020-07-14 15:20 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സ്വര്‍ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍ കഴിയും. ഇന്റലിജെന്‍സ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ് സംഘം മുഖ്യമന്ത്രിയുടെ വകുപ്പില്‍ കയറിക്കൂടിയത് അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്‍ ഐ.ടി സെക്രട്ടറിക്ക് സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നെന്ന് സാധൂകരിക്കുന്ന തെളിവുകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് തെളിവുകളില്ലെന്നാണ്. ലാവിലിന്‍ കേസ് ഉള്‍പ്പെടെ പല നിര്‍ണായക ഇടപാടുകളെ സംബന്ധിച്ച കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്നതാണോ ഇദ്ദേഹത്തെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി തുടരെ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌നാ സുരേഷ് എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിരന്തരം ഫോണില്‍ വിളിച്ചത്?

തെളിവുകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി എത്ര സുരക്ഷാ കവചം ഒരുക്കിയാലും ശിവശങ്കറിനെ രക്ഷിക്കാനാവില്ല. രാഷ്ട്രീയ അഴിമതി പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യം. വിവിധ കരാറുകളിലൂടെ കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. അഴിമതിയുടെ അഴുക്കുചാലില്‍ മുങ്ങിനിവര്‍ന്ന സര്‍ക്കാരാണിത്. കൊവിഡിനെ മറയാക്കി പ്രതിഷേധങ്ങളുടെ വായ്മൂടിക്കെട്ടാണ് മുഖ്യമന്ത്രിയുടെ ശ്രമം. അത് വിലപ്പോകില്ല. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫിസിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരും വരെ കോണ്‍ഗ്രസ് പോരാട്ടം തുടരും. അതിന്റെ വെറും ഒരു സൂചനയാണ് ഇന്ന് സംസ്ഥാനവ്യാപകമായി ജില്ലാ കളക്ട്രേറ്റുകളിലേക്ക് നടന്ന പ്രതിഷേധ ധര്‍ണ്ണ. കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫിസിനെ തള്ളിപ്പറയാന്‍ എന്തുകൊണ്ട് സി.പി.എം നേതൃത്വം തയ്യാറാകുന്നില്ല.

കവലകള്‍ തോറും കൊവിഡ് കാലത്ത് ബാരിക്കേട് പണിത് ഓരോ വാഹനവും പരിശോധിച്ച് കൊണ്ടിരിക്കുന്ന കേരള പോലിസ് അറിയാതെ കള്ളക്കടത്ത് നായകനും നായികയും ബംഗളൂരുവിലെത്തിയെന്നത് ആഭ്യന്തര വകുപ്പിന് തന്നെ അപമാനമാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് ഒരിക്കലും സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. 

Tags: