തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് മരണം

Update: 2025-02-02 09:07 GMT

ഡാങ്: മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഡാങ് ജില്ലയില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടം. തീര്‍ഥാടകരുമായി പോയ ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് തോട്ടിലേക്ക് 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിലേക്ക് പോാകുന്നവരാണ് അപകടത്തില്‍പ്പെട്ടവര്‍.

പരിക്കേറ്റവരില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ അഹ്വയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് പോലിസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേശ്വറില്‍ നിന്നാണ് യാത്രക്കാര്‍ ഗുജറാത്തിലെ ദ്വാരകയിലേക്ക് പുറപ്പെട്ടത്. ഹില്‍ സ്റ്റേഷനില്‍ നിന്ന് യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ചായ കുടിക്കാനായി സപുതാരയില്‍ അല്‍പനേരം നിര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags: