ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ;കേന്ദ്ര ഏജന്‍സികള്‍ വംശവെറിയുടേയും വിവേചനത്തിന്റേയും സവര്‍ണ്ണ താല്‍പര്യങ്ങള്‍ക്ക് വഴങ്ങരുത്:കാംപസ് ഫ്രണ്ട്

ഫാത്തിമയുടെ മുസ്‌ലിം ഐഡന്റിറ്റി കാരണമാണ് അധ്യാപകന്‍ മാനസിക പീഡനത്തിന് ഇരയാക്കിയതെന്നും അതിനാലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന തെളിവുകളുണ്ടായിട്ടും വേട്ടക്കാരന്റെ പക്ഷം ചേരുന്ന കേന്ദ്ര ഏജന്‍സിയുടെ നിലപാട് അപകടകരമാണ്

Update: 2022-01-08 09:25 GMT

എറണാകുളം: കേന്ദ്ര ഏജന്‍സികള്‍ വംശവെറിയുടേയും,വിവേചനത്തിന്റേയും സവര്‍ണ്ണ താല്‍പര്യങ്ങള്‍ക്ക് വഴങ്ങരുതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സെബ ഷിരീന്‍ പറഞ്ഞു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിബിഐ വസ്തുതാ വിരുദ്ധമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് സിബിഐ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സെബ ഷിരീന്‍.

മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കുറ്റാരോപിതനായ അധ്യാപകന് ക്ലീന്‍ചിറ്റ് നല്‍കിയ സിബിഐ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും നീതിയുക്തമല്ലാത്തതുമാണ്. അധ്യാപകനില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മാനസിക പീഡനമാണ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് ഫാത്തിമയുടെ മെസ്സേജുകളില്‍ നിന്നും പകല്‍ പോലെ വ്യക്തമാണെന്നും സെബ വ്യക്തമാക്കി. ഫാത്തിമയുടെ മുസ്‌ലിം ഐഡന്റിറ്റി കാരണമാണ് അധ്യാപകന്‍ മാനസിക പീഡനത്തിന് ഇരയാക്കിയതെന്നും അതിനാലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന തെളിവുകളുണ്ടായിട്ടും വേട്ടക്കാരന്റെ പക്ഷം ചേരുന്ന കേന്ദ്ര ഏജന്‍സിയുടെ നിലപാട് അപകടകരമാണ്. ഫാത്തിമ ലത്തീഫിന് നീതി ലഭ്യമാവാന്‍ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നത് വരെയും പോരാടുമെന്നും സെബ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സമിതി അംഗം അംജദ് കണിയാപുരം, ജില്ലാ സെക്രട്ടറിമാരായ നായിഫ് പാലിയത്ത്, ആദിറ സ്വാലിഹ, ജില്ലാ ട്രഷറര്‍ അമീര്‍ സുഹൈല്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News