എട്ട് വയസുകാരിയായ മകളെ ക്രുര പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം എട്ടു വയസുകാരിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടി മുത്തശ്ശിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

Update: 2019-05-17 12:57 GMT

പത്തനംതിട്ട: മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ എട്ടുവയസ്സുകാരിയായ മകളെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ കൊടുമണ്‍ ചേരുവ സ്വദേശി അറസ്റ്റില്‍. ഭാര്യ പിണങ്ങി പിരിഞ്ഞ് താമസിക്കുന്നതിനാല്‍ പ്രതിയുടെ മാതാവിന്റെ സംരക്ഷണയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം എട്ടു വയസുകാരിയെ പീഡിപ്പിക്കുന്നത് കണ്ട ഇളയ കുട്ടി മുത്തശ്ശിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തായത്.

മുത്തശി കുട്ടിയോട് വിവരങ്ങള്‍ തിരക്കുകയും പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ കൊടുമണ്‍ സ്‌റ്റേഷനില്‍ എത്തി വിവരം ധരിപ്പിക്കുകയുമായിരുന്നു.ഉടന്‍ തന്നെ കൊടുമണ്‍ സിഐ കെ വിനോദ് കുമാറിന്റെ നേത്യത്വത്തിലുള്ള പോലിസ് സംഘം വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പരിശോധനയില്‍ കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ ക്രുരമായ പീഡനത്തെ തുടര്‍ന്നുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. നിരന്തരമായി പീഡനം നടന്നതായി കുട്ടി പോലിസില്‍ മൊഴി നല്‍കുകയും ചെയ്തതോടെ ഇയാള്‍ക്കെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഇന്ന് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

2017ല്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞ് നിര്‍ത്തി കടന്നുപിടിച്ച സംഭവത്തിലും മോഷണ കേസിലും ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Tags: