പെരിന്തല്‍മണ്ണയില്‍ കേന്ദ്ര ഗവണ്‍മെന്റിനെതിരെ കര്‍ഷകരുടെ പ്രതിഷേധം

Update: 2020-09-25 11:53 GMT

പെരിന്തല്‍മണ്ണ: കൊവിഡിന്റെ മറവില്‍ കര്‍ഷകദ്രോഹ ബില്ലുകള്‍ പാര്‍ലമെന്റിന്റെ ജനാധിപത്യ അവകാശങ്ങള്‍ കാറ്റില്‍ പറത്തി പാസ്സാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധം. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണയില്‍ നടന്ന കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിയുടെ സമരം അഖിലേന്ത്യ സെക്രട്ടറി വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ മാത്രമല്ല ഇന്ത്യയെ തന്നെ പൂര്‍ണമായും കോര്‍പ്പറേറ്റ് സ്വകാര്യ കുത്തകകള്‍ക്ക് വില്‍ക്കുകയാണ് നരേന്ദ്ര മോഡിയും കേന്ദ്ര സര്‍ക്കാരുമെന്ന് ഉദ്ഘാടകന്‍ ആരോപിച്ചു. പ്രകടനമായെത്തിയ വിദ്യാര്‍ത്ഥികളും തൊഴിലാളികളും സമരത്തെ അഭിവാദ്യം ചെയ്തു.

കര്‍ഷക കോണ്‍ഗ്രസ്സിന് വേണ്ടി രാധാമോഹനന്‍, വിദ്യാര്‍ത്ഥി നേതാവ് അജീബ്, കര്‍ഷക തൊഴിലാളി നേതാവ് എം പി അലവി, ചുമട്ടുതൊഴിലാളി നേതാവ് വി മുഹമ്മദ് ഹനീഫ, കര്‍ഷകസംഘം പ്രതിനിധികളായ മാത്യു സെബാസ്റ്റ്യന്‍, വി രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ മധുസൂദനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.കെ. സുള്‍ഫിക്കര്‍ അലി സ്വാഗതവും ഷിബിന്‍ തൂത നന്ദിയും പറഞ്ഞു.

Similar News