തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

Update: 2021-03-01 11:12 GMT

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായും മറ്റും ബന്ധപ്പെട്ട പരാതികള്‍ സിവിജില്‍ ആപ് വഴി പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ സംവിധാനമുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. ലഭിക്കുന്ന പരാതികളില്‍ 100 മിനിറ്റിനകം വരണാധികാരി തലത്തില്‍ പരിഹാരമുണ്ടാകത്തക്ക രീതിയിലാണ് ആപ്പിന്റെ സംവിധാനം. 24 മണിക്കൂറും പരാതികള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും പ്രവര്‍ത്തിക്കും. 1950 ഹെല്‍പ്പ് ലൈന്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.


അര്‍ഹരായ എല്ലാവരും വോട്ടവകാശം വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും സ്വതന്ത്രവും നീതി പൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കാനും കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു. വോട്ടര്‍പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍കയ്യെടുക്കണം. ജനസംഖ്യ കണക്ക് പ്രകാരം 18, 19 പ്രായപരിധിയിലുള്ള 21,817 പേര്‍ ജില്ലയിലുണ്ടെങ്കിലും 6879 പേരാണ് ഇതുവരെ വോട്ടര്‍പട്ടികയില്‍ ഇടം നേടിയതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി.


ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ പൊതുസാഹചര്യവും ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുമായും ഇരുവരും സംസാരിച്ചു.


കൊവിഡ് പശ്ചാത്തലത്തില്‍ പോളിങ് ബൂത്തുകളുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനയുള്ളതിനാല്‍ തെരഞ്ഞെടുപ്പിന് ഇത്തവണ ഉദ്യോഗസ്ഥരുടെ വലിയ പങ്കാളിത്തം ആവശ്യമായി വരുമെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഇലക്്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ രവികുമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.




Tags: