എട്ടുവയസ്സുള്ള ദലിത് ആണ്‍കുട്ടിക്ക് ക്രൂരപീഡനം; തല കീഴായി മരത്തില്‍ കെട്ടിതൂക്കി; പ്രതി പോലിസ് പിടിയില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ എട്ടുവയസ്സുള്ള ഒരു ദലിത് ആണ്‍കുട്ടിക്ക് ക്രൂരപീഡനം. കുട്ടിയെ മര്‍ദ്ദിച്ച് മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി. സംഭവത്തില്‍ പോലിസ് ഒരാളെ അറസ്റ്റ ചെയ്തു. ഭഖര്‍പുര ഗ്രാമത്തിലാണ് സംഭവം.
രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയോട് ബാത്ത്‌റൂം വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം.ബാത്തുറൂം കഴുകിയ ശേഷം വെള്ളം ചോദിച്ച കുട്ടി അവരുടെ പാത്രത്തില്‍തൊട്ടു എന്ന പേരില്‍ കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. നര്‍ണാറാം പ്രജാപത്, ഡെമരാം പ്രജാപത് എന്നിവരാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ ഇവരില്‍ ഒരാള്‍ മരത്തില്‍ തല കീഴായി കെട്ടിതൂക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും ആക്രമികള്‍ മര്‍ദ്ദിച്ചു.
സംഭവം ആളുകള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെയാണ് ആക്രമികള്‍ പിന്‍മാറിയത് എന്നാണ് റിപോര്‍ട്ടുകള്‍. പ്രതികള്‍ കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി എന്നും റിപോര്‍ട്ടുകളുണ്ട്. പ്രാഥമികാന്വേഷണത്തിലും വൈദ്യപരിശോധനയിലും ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വെള്ളക്കുടത്തില്‍ സ്പര്‍ശിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഇപ്പോഴും അന്വേഷണത്തിലാണെന്നാണ് പോലിസ്ഭാഷ്യം.