ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന; അടിയന്തരമല്ലാത്ത സേവനങ്ങള്‍ ബഹിഷ്‌കരിക്കും

Update: 2026-02-19 05:01 GMT

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന. ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ഇന്ന് ബഹിഷ്‌കരിക്കാനാണ് തീരുമാനം

സസ്പെന്‍ഷന്‍ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്നാണ് കെജിഎംഒഎ( കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍) യുടെ നിലപാട്. നെടുമങ്ങാട് ആശുപത്രിക്ക് പുറമെ, ജില്ലാതലത്തില്‍ ഇന്നുമുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും നിയമനടപടി വേണമെന്നും ഇവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

നേരത്തെ കൊല്ലം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസമാണ് സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചത്. ഇക്കഴിഞ്ഞ ദിവസമാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് രണ്ട് മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ ആര്‍ഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്, എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ ഇന്നലെ ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടര്‍ക്കെതിരെ മുമ്പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ റീന പറഞ്ഞു.

Tags: