ദലിത് വയോധികനെ നിര്‍ബന്ധിപ്പിച്ച് മൂത്രം നക്കിച്ച സംഭവം; കുറ്റവാളികളെ വെറുതെ വിടില്ലെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്
ലഖ്നോ: ലഖ്‌നോവിലെ പുരാണി ബസാര്‍ പ്രദേശത്ത് ദലിത് വയോധികനെ കൊണ്ട് മൂത്രം നക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ദലിതര്‍, ദരിദ്രര്‍, പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്നും ബ്രജേഷ് പഥക് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ബ്രജേഷ് പഥക് കൂട്ടിചേര്‍ത്തു.
അതേസമയം, ഇന്ത്യയെ പോലൊരു രാജ്യത്ത് ഇത്തരമൊരു സംഭവം നടന്നത് ലജ്ജാകരവും അപമനകരവുമാണെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി. 'ഇത് വെറുമൊരു കുറ്റകൃത്യമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതീയതയുടെയും ഫ്യൂഡല്‍ മാനസികാവസ്ഥയുടെയും നഗ്‌നമായ പ്രദര്‍ശനമാണ്. കുറ്റാരോപിതനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വൃദ്ധനെ ജാതി അധിക്ഷേപങ്ങള്‍ കൊണ്ട് അപമാനിക്കുക മാത്രമല്ല, നിലം നക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു,' ആസാദ് എക്സില്‍ കുറിച്ചു. പ്രതികളെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ഇരയ്ക്ക് സര്‍ക്കാര്‍ സംരക്ഷണവും നഷ്ടപരിഹാരവും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 20 ന് കകോരി പോലിസ് സ്റ്റേഷന്‍ പരിധിയിലെ പുരാണി ബസാര്‍ പ്രദേശത്തെ ശീത്ല ക്ഷേത്രത്തിന് സമീപമാണ് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് 60 വയസ്സുള്ള ഒരു ദലിത് വയോധികനായ രാംപാല്‍ റാവത്തിനെ നിലം നക്കാന്‍ നിര്‍ബന്ധിച്ചത്. സംഭവത്തില്‍ പ്രതിയായ പമ്മു എന്ന സ്വാമി കാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുപിന്നിലെ എല്ലാ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.