പമ്പ് വാങ്ങിയ ഉപഭോക്താവിനെ ഏജന്‍സി കബളിപ്പിച്ചുവെന്ന് പരാതി

Update: 2020-05-18 17:15 GMT

മാള: കിര്‍ലോസ്‌കറിന്റെ സബ്ബ്‌മേഴ്‌സബിള്‍ പമ്പ് വാങ്ങിയ ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കുഴിക്കണ്ടത്തില്‍ സലീമാണ് 2018 സെപ്റ്റംബര്‍ ഒന്നിന് പാറപ്പുറം കാനാന്‍ ഇലക്ട്രിക്കല്‍സില്‍ നിന്നും അര കുതിരശക്തിയുള്ള മോട്ടോര്‍ വാങ്ങിയത്. 8000 രൂപയായിരുന്നു വില. ബില്ല് ചോദിച്ചപ്പോള്‍ ഇപ്പോള്‍ പ്രിന്റ് എടുത്താല്‍ തെളിയില്ലെന്നും പ്രിന്ററിലെ കാര്‍ട്രിഡ്ജ് മാറ്റിയിട്ട് ബില്ലടിച്ച് തരാമെന്നും കടയുടമ പറഞ്ഞപ്പോളത് അംഗീകരിക്കുകയായിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നയാള്‍ വന്നിട്ടില്ലെന്നു പറഞ്ഞു. വാറന്റി പിരിയഡ് കഴിഞ്ഞില്ലേ എന്നാണ് അവസാനമായി പറഞ്ഞത്.

ഇതിനിടെ മോട്ടോര്‍ കേടായി. ഇത് പല തവണ ആവര്‍ത്തിച്ചു. ഇതേ തുടര്‍ന്ന് കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ വാറന്റി പിരിയഡ് കഴിഞ്ഞതിനാല്‍ യാതൊന്നും ചെയ്യാനാകില്ലയെന്നാണ് പറഞ്ഞത്. എന്നാല്‍ വാറന്റി കാര്‍ഡില്‍ പറയുന്നത് മോട്ടോര്‍ വാങ്ങി ഒരു വര്‍ഷം വരേയും മോട്ടോര്‍ ഇറക്കിയ തിയ്യതിക്കുള്ളിലും വാറന്റി ലഭിക്കുമെന്നാണ്. 2018 മേയിലാണ് ഉല്പാദന തിയ്യതി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ മോട്ടോര്‍ നന്നാക്കി എടുക്കാന്‍ ധാരാളം പൈസ ചെലവാകുമെന്ന് മനസ്സിലായി.

സബ്ബ് മേഴ്‌സബിള്‍ പമ്പുകള്‍ 10 വര്‍ഷവും അതിലേറെയും ഉപയോഗിക്കുന്ന സ്ഥാനത്താണ് പുതിയ മോട്ടോര്‍ ഒന്നര വര്‍ഷമെത്തും മുന്‍പേതന്നെ തകരാറിലായത്. തനിക്ക് ലഭിച്ചത് ഡ്യൂപ്ലിക്കേറ്റാണെന്നാണ് ഉപഭോക്താവിന്റെ സംശയം. രണ്ടോ മൂന്നോ മോട്ടോര്‍ വാങ്ങാവുന്ന പണമാണ് ഈയൊരു പമ്പിനായി വിനിയോഗിച്ചതെങ്കിലും അതിന്റെ ഗുണമോ വില്‍പ്പനാനന്തര സേവനമോ ലഭിക്കാത്ത അവസ്ഥയാണ്. 

Tags:    

Similar News