പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു, കേസെടുത്ത് പോലിസ്
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം
പാലക്കാട്: വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത വിപിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതിയില്‍ കേസെടുത്ത് പോലിസ്. മംഗലംഡാമിലെ സിപിഎം പ്രവര്‍ത്തകരായ സുബിന്‍, രോഹിത്, ഇബ്‌നു സെയ്ദ് എന്നിവരാണ് പ്രതികള്‍. മൂന്നു പ്രതികളും മാരകായുധങ്ങളുപയോഗിച്ച് വീട്ടില്‍ കയറി അതിക്രമം നടത്തിയെന്നാണ് എഫ്‌ഐആര്‍. വീട്ടില്‍ കയറി സ്ത്രീകളെ അക്രമിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. സജിതയുടെ ഭര്‍ത്താവ് വിപിനും സജിതയുടെ അമ്മ പങ്കജത്തിനും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റു. ബൂത്തിലേക്ക് വരുന്ന വോട്ടര്‍മാര്‍ക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും നില്‍ക്കുന്നതിനെ ചൊല്ലി സിപിഎം പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെ വീട്ടിലെത്തി ആക്രമിച്ചെന്നാണ് പരാതി. കുഞ്ഞിന് മുഖത്തും ശരീരത്തിനും പരിക്കുണ്ട്. മംഗലംഡാം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
