കൊവിഡ് മൃതദേഹ സംസ്‌കരണം: ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശം നടപ്പാക്കണം-വെല്‍ഫെയര്‍ പാര്‍ട്ടി

സെപ്തംബര്‍ 4ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളെ അനുവദിക്കാവുന്നതാണ്.

Update: 2020-10-16 15:00 GMT

തിരുവനന്തപുരം: കൊവിഡ് രോഗ ബാധമൂലം മരണമടഞ്ഞ വ്യക്തികളുടെ മൃതദേഹ സംസ്‌കരണത്തിന് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശം കേരളത്തില്‍ അനുവദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷെഫീക്ക് ആവശ്യപ്പെട്ടു. ഉറ്റവര്‍ക്കു പോലും മൃതദേഹം കാണാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്ന രീതിയാണ് നിലവില്‍ കേരളം സ്വീകരിക്കുന്നത്. സെപ്തംബര്‍ 4ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് മൃതദേഹങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളെ അനുവദിക്കാവുന്നതാണ്. എന്‍ 95 മാസ്‌കും കാല്‍ മറക്കുന്ന ബൂട്ടും ഉള്‍പ്പെടെയുള്ള പിപിഇ കിറ്റുകള്‍ ധരിച്ച വ്യക്തികള്‍ക്ക് മൃതദേഹത്തെ കുളിപ്പിക്കാവുന്നതും വസ്ത്രം മാറ്റാവുന്നതുമാണെന്നും ലോകാരോഗ്യ സംഘടന പറയുന്നുണ്ട്.

ഒരുക്കിയ മൃതദേഹത്തെ ബോഡിബാഗിലാക്കിയ ശേഷം മാസ്‌ക്കും ഗ്ലൗസും ധരിച്ച വളണ്ടിയര്‍മാര്‍ വഴി ബന്ധുക്കള്‍ക്ക് മുഖം കാണാന്‍ അവസരം നല്‍കണമെന്നും മാര്‍ഗ രേഖ പറയുന്നു. മൃതദേഹത്തില്‍ നിന്ന് കൊവിഡ് പകരില്ല എന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഏതാണ്ടെല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ച് ബന്ധുമിത്രാദികള്‍ക്ക് മൃതദേഹം കാണാനുള്ള അനുമതിയുമുണ്ട്. എന്നാല്‍ ബോഡിബാഗിലാക്കിയ മൃതദേഹം മറവ് ചെയ്യുന്നവര്‍ പിപിഇ ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌ക്കര്‍ഷിക്കുന്നില്ല. ഗ്ലൗസും മാസ്‌ക്കും ധരിക്കുകയും ചടങ്ങിന് ശേഷം കൈകള്‍ ശുദ്ധീകരിക്കുകയും വേണം എന്നു മാത്രമാണ് നിര്‍ദ്ദേശം. ദഹിപ്പിക്കുന്നതിനോ മറവ് ചെയ്യുന്നതിനുള്ള കുഴിയുടെ ആഴത്തെപ്പറ്റിയോ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ലോകാരോഗ്യ സംഘടന നല്‍കുന്നില്ല. മതപരമോ അല്ലാതെയോ ഉള്ള ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിച്ച് ചെയ്യാനുള്ള അനുമതിയുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ എല്ലാ നിര്‍ദ്ദേശങ്ങളിലും ഇന്ത്യാ ഗവര്‍മെന്റിന്റെ 2020 മാര്‍ച്ച് 15ന് നിലവിലുള്ള ഗൈഡ്‌ലൈന്‍ പ്രകാരവും കോവിഡ് ഉഛ്വാസ വായുവിലൂടെ മാത്രമേ പകരുകയുള്ളൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ സെപ്തംബര്‍ 4 ലെ നിര്‍ദേശമനുസരിച്ച് അതാത് സംസ്ഥാനങ്ങള്‍ മൃതദേഹ സംസ്‌കരണങ്ങളുടെ പ്രോട്ടോകോളില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെപ്തംബര്‍ 16ന് തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജസ്ഥാനടക്കമുള്ള പല സംസ്ഥാനങ്ങളും അതനുസരിച്ച് പ്രോട്ടോകോളില്‍ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. പുരോഗമന സംസ്ഥാനം എന്നു പറയാറുള്ള കേരളം ഇക്കാര്യത്തില്‍ തുടരുന്ന കടുംപിടുത്തം അവസാനിപ്പിക്കുകയും ലോകാരോഗ്യ സംഘടന അനുവദിച്ച മാനദണ്ഡ പ്രകാരം മൃതദേഹങ്ങളുടെ സംസ്‌കരണം നടത്താനും പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുമുള്ള അവസരമൊരുക്കുകയും വേണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: