കൊറോണ: ഇറാനില്‍ രണ്ടു മരണം

പ്രതിരോധ നടപടികളുടെ ഭാഗമായി ഖുമിലെ മത വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടച്ചുപൂട്ടിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Update: 2020-02-20 14:26 GMT

തെഹ്‌റാന്‍: ഇറാനിലെ ഖുമില്‍ കൊറോണ വൈറസ് മൂലമുണ്ടായ അസുഖത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ഖുമിലെ മത വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വകലാശാലകളും അടച്ചുപൂട്ടിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരമായ വുഹാനില്‍ നിന്ന് ഇറാന്‍ അടുത്തിടെ 60 ഇറാനിയന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചിരുന്നു. ഇതുവരെ അഞ്ചു പേര്‍ക്കാണ് ഇറാനില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.

വുഹാനില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികളെ 14 ദിവസം പ്രത്യേക നിരീക്ഷണത്തില്‍ വെച്ചിരുന്നു. അതിനു ശേഷം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ഇറാന്‍ ആരോഗ്യമന്ത്രി സയീദ് നമാകി പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇതുവരെ വളരെ കുറച്ച് കൊറോണ വൈറസ് ബാധകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായ യുണൈറ്റഡ് അറബ് എമിറേറ്റുകളില്‍ ഒന്‍പത് വൈറസ് കേസുകളും ഈജിപ്തില്‍ ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയിലെ ഒമ്പത് പേരില്‍ ഏഴു പേര്‍ ചൈനീസ് പൗരന്മാരാണ്, ഒരാള്‍ ഫിലിപ്പിനോയും മറ്റൊരാള്‍ ഇന്ത്യന്‍ പൗരനുമാണ്. അതിനിടെ കൊറോണ വൈറസ് കാരണം മൂന്നാഴ്ച്ചയോളം നിര്‍ത്തിവെച്ച ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഈജിപ്ത് അറിയിച്ചു.




Tags:    

Similar News