ആര്‍എസ്എസ്- സിപിഎം ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തുവിടണം: കെ സുധാകരന്‍ എംപി

Update: 2023-02-21 11:55 GMT

തിരുവനന്തപുരം: ഡല്‍ഹിയില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആര്‍എസ്എസുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ നടത്തിയ ആര്‍എസ്എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം നിലച്ചതും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീണ്ടും കൊന്നൊടുക്കിയതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി അമ്പതിലധികം നിയോജക മണ്ഡലങ്ങളില്‍ വോട്ടുമറിച്ചതും അന്നത്തെ ചര്‍ച്ചയുടെ ഫലമാണ്. ലാവ്‌ലിന് കേസ് 33 തവണ നീട്ടിവച്ചതും ഇതേ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നതു കൊണ്ടാണെന്നു സുധാകരന്‍ പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി- ആര്‍എസ്എസ് ചര്‍ച്ചയില്‍ യുഡിഎഫിനും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നത് സിപിഎം നേരിടുന്ന ആഴമേറിയ പ്രതിസന്ധികളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ്. ആ വെട്ടില്‍ വീഴാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. പിണറായി വിജയനും അദ്ദേഹത്തിന്റെ കൊള്ളസംഘവും നടത്തിയ തീവെട്ടിക്കൊള്ളകളും ജനദ്രോഹനടപടികളും ജനമധ്യത്തില്‍ തുറന്നുകാട്ടുന്ന പ്രചാരണ പ്രക്ഷോഭ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോവും.

കാലാകാലങ്ങളില്‍ എല്ലാത്തരം വര്‍ഗീയതയെയും സിപിഎം താലോലിക്കാറുണ്ട്. 42 വര്‍ഷത്തിലധികം സിപിഎമ്മിന്റെ സഹയാത്രികരായിരുന്ന ജമാഅത്തെ ഇസ്‌ലാമിയെ സിപിഎം ഇപ്പോള്‍ ചണ്ടിപോലെ പുറന്തള്ളിയത് സിപിഎമ്മിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. ബിജെപിയെ നേരിടാന്‍ ചെറുതും വലുതുമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ അതില്‍നിന്ന് വിട്ടുനിന്ന് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചവരാണ് കേരളത്തിലെ സിപിഎമ്മുകാര്‍.

ഛത്തീസ്ഗഢ് ഉള്‍പ്പെടെ കോണ്‍ഗ്രസ്, ബിജെപിയിതര പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതികാരത്തിന് മോദി ഉപയോഗിച്ചിട്ടും കേരളത്തില്‍ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ ഇടപാടുകളില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിക്കെതിരേ കേന്ദ്രഏജന്‍സികള്‍ ചെറുവിരല്‍ അനക്കുന്നില്ല. വര്‍ഗീയസംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സിപിഎം ബന്ധവും മഅ്ദനിയുമായി മലപ്പുറത്ത് സഖ്യമുണ്ടാക്കി പിണറായി വിജയന്‍ വേദി പങ്കിട്ടതുമൊക്കെ ജനങ്ങളുടെ മനസില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയവാദികളുടെ വോട്ടുവേണ്ടെന്ന് തുറന്നുപറയാന്‍ ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

Tags: