ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍: മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎമ്മുകാരനെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണം - എസ് ഡിപിഐ

ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയിലേക്ക് ഈ മേഖലയുമായി യാതൊരുവിധ മുന്‍പരിയമോ അനുഭവസമ്പത്തോ യോഗ്യതയോ ഇല്ലാത്ത ഒരു വ്യക്തിയെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന യോഗ്യത മാത്രം കണക്കാക്കി നിയമിക്കാന്‍ നടത്തുന്ന ചട്ടവിരുദ്ധ നീക്കം പ്രതിഷേധാര്‍ഹമാണ്.

Update: 2020-06-23 12:28 GMT

തിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ച് സിപിഎം പ്രാദേശിക നേതാവിനെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിക്കാനുള്ള നീക്കം പിണറായി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ പദവിയിലേക്ക് ഈ മേഖലയുമായി യാതൊരുവിധ മുന്‍പരിയമോ അനുഭവസമ്പത്തോ യോഗ്യതയോ ഇല്ലാത്ത ഒരു വ്യക്തിയെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന യോഗ്യത മാത്രം കണക്കാക്കി നിയമിക്കാന്‍ നടത്തുന്ന ചട്ടവിരുദ്ധ നീക്കം പ്രതിഷേധാര്‍ഹമാണ്. പോക്‌സോ കേസുകളുടെ മോണിട്ടറിംഗ് ഉള്‍പ്പെടെ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ വിപുലമായ അധികാരങ്ങളുള്ള സ്ഥാപനത്തെ പാര്‍ട്ടി പോഷകഘടകമാക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പാര്‍ട്ടി പ്രവര്‍ത്തകരെ കുടിയിരുത്താനുള്ള ഇരിപ്പിടങ്ങളാക്കി മാറ്റിയതിന്റെ അപകടം കേരളത്തിലെ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നടത്തിയ വഴിവിട്ട നീക്കം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി സുതാര്യമായ നിയമനത്തെ തകിടം മറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപം ഇപ്പോള്‍ ശരിവെക്കുന്ന തരത്തിലാണ് റാങ്ക് പട്ടിക വന്നിരിക്കുന്നത്. കഴിവും യോഗ്യതയും മാനദണ്ഡമാക്കി സുതാര്യമായി നിയമനം നടത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മുസ്തഫ കൊമ്മേരി വ്യക്തമാക്കി.


Tags: