എന്‍.പി.ആര്‍ പിന്‍വലിക്കും മുന്‍പ് സെന്‍സെസ് നടത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വഞ്ചനയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

കൊറേണ രോഗ വ്യാപന സമയത്ത് നിലനില്‍ക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങള്‍ കാരണം ജനങ്ങളുടെ പ്രതിഷേധം ഉയരില്ലാ എന്ന് ധൈര്യത്തില്‍ മുന്നോട്ട് പോകാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്

Update: 2020-03-17 14:02 GMT

തിരുവനന്തപുരം : സെന്‍സെസ് വഴി എന്‍.പി.ആര്‍ പൂര്‍ത്തിയാക്കുമെന്ന് പാര്‍ലമെന്റിലെ പ്രസ്താവനയിലൂടെ അമിത്ഷാ ഉറപ്പിച്ച് വ്യക്തമാക്കിയിരിക്കെ എന്‍.പി.ആറും സെന്‍സെസും രണ്ടാണെന്ന വാദമുയര്‍ത്തി സംസ്ഥാനത്ത് സെന്‍സെസ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഇത് വരെ എടുത്ത നിലപാടുകളില്‍ നിന്നുള്ള പിന്നോട്ട് പോക്കും ജനവഞ്ചനയുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. എന്‍.പി.ആറിലൂടെയാണ് എന്‍.ആര്‍.സി നടപ്പിലാക്കുക എന്നിരിക്കെ സെന്‍സസ് ആരംഭിക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാറിന്റെ ഗൂഢപദ്ധതിയെ സഹായിക്കുന്നതാണ്. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ രാജ്യം മുഴുവന്‍ എന്‍.ആര്‍.സി കൊണ്ടു വരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കാന്‍ തന്ത്രപരമായ സമീപനം ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. അതിന് ഒത്താശ ചെയ്യുന്നതാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനം. എന്‍.പി.ആര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കാമെന്ന് അമിത് ഷാ നടത്തിയ പ്രസ്താവനയോടെ എന്‍.പി.ആറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദം ദുര്‍ബലപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ല എന്ന കേരള സര്‍ക്കാരിന്റെ ഉറപ്പ് പ്രായോഗികമാക്കാന്‍ സെന്‍സെസ് നിര്‍ത്തിവെച്ചാലേ സാധിക്കൂ. ഇതിന് തയ്യാറാകാതെ കേരള സര്‍ക്കാര്‍ ജനങ്ങളെ വിഢികളാക്കുകയാണ് ചെയ്യുന്നത്. എന്‍.പി.ആറിനും സെന്‍സെസിനും ഒന്നിച്ച് ആണ് വിജ്ഞാപനം ഇറക്കിയത്. സെന്‍സെസ് ഡേറ്റ ഉപയോഗിച്ചാണ് എന്‍.പി.ആര്‍ അപ്‌ഡേറ്റ് ചെയ്യുക എന്നിരിക്കെ ഇതു രണ്ടും വേറേ വേറേ എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണ്. ജനങ്ങളെ വംശീയമായി വേര്‍തിരിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള സംഘ്പരിവാര്‍ പദ്ധതികളുടെ നടത്തിപ്പുകാരായി കേരളത്തിലെ ഇടതു സര്‍ക്കാര്‍ മാറുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി.

കൊറേണ രോഗ വ്യാപന സമയത്ത് നിലനില്‍ക്കുന്ന സാമൂഹ്യ നിയന്ത്രണങ്ങള്‍ കാരണം ജനങ്ങളുടെ പ്രതിഷേധം ഉയരില്ലാ എന്ന് ധൈര്യത്തില്‍ മുന്നോട്ട് പോകാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. സെന്‍സെസ് ബഹിഷ്‌കരണമടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് ജനങ്ങള്‍ക്ക് പോകേണ്ടിവരും. അത്തരം സാഹചര്യം സൃഷ്ടിക്കാതെ എന്‍.പി.ആര്‍ നടപ്പാക്കില്ല എന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സെന്‍സെസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കേരളാ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    

Similar News