പൗരത്വ നിയമ ഭേദഗതി: അറുപതോളം ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, മുസ്ലിംലീഗ്, അസം ഗണപരിഷത്ത് തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍

Update: 2019-12-18 02:25 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പ്രക്ഷോഭങ്ങളുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട പൗരത്വ നിയമ ഭേദഗതിയില്‍ സമര്‍പ്പിക്കപ്പെട്ട അറുപതോളം ഹരജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്, മുസ്ലിംലീഗ്, അസം ഗണപരിഷത്ത് തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍.

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് തുടങ്ങിയവര്‍ അംഗങ്ങളുമായ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങളില്‍ നിന്ന് 2014 വരെ അനധികൃതമായി എത്തിയ മുസ്ലിമേതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ് പൗരത്വ ഭേദഗതി നിയമം 2019.

പൗരത്വത്തിന് അടിസ്ഥാനമായി മതം പരിഗണിക്കരുതെന്നാണ് ഹരജിക്കാരുടെ വാദം. പുതിയ നിയമം പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തുക വഴി ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

രാജ്യസഭയില്‍ പാസ്സായതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പ് വച്ച് നിയമമാക്കിയത്.

എന്നാല്‍ അന്നുമുതല്‍ അസമിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൗരത്വഭേദഗതി വിരുദ്ധപ്രക്ഷോഭം ശക്തിപ്രാപിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച അവസാനത്തോടെ അത് മറ്റിടങ്ങളിലേക്കും വ്യാപിച്ചു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ബംഗാള്‍, പഞ്ചാബ്, കേരള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.




Tags:    

Similar News