നിയമന കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം; ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

Update: 2022-12-16 03:14 GMT

കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ നിയമന കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിഷേധിച്ചതാണെന്നും നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഹരജി അപ്രസക്തമാണ്. എഫ്‌ഐആറിന്റെ പകര്‍പ്പും കോടതിയില്‍ ഹാജരാക്കി.

ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹരജിക്കാരന്റെ പക്കലില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വാദിച്ചിട്ടുള്ളത്. കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താന്‍ എഴുതിയതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മേയര്‍. എന്നാല്‍, മേയറുടെ പേരില്‍ വ്യാജ കത്ത് തയ്യാറാക്കിയത് ആരെന്ന ചോദ്യത്തിന് പാര്‍ട്ടിയും കൈമലര്‍ത്തുകയാണ്.

Tags:    

Similar News