കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പ്രകടനം നടത്തിയവര്‍ക്കെതിരേ കേസ്; പിണറായി സര്‍ക്കാരിന്റെ മോദി അനുകൂല നടപടിക്കെതിരേ പ്രതിഷേധിക്കുക-എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്)

നവംബര്‍ 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Update: 2020-12-06 00:52 GMT

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ജനദ്രോഹ നടപടികള്‍ക്കെതിരേ രാജ്യത്തെ മുഴുവന്‍ കര്‍ഷകരും അണിനിരക്കുകയും വിവിധ ലോകരാജ്യങ്ങളിലടക്കമുള്ള മനുഷ്യ ബോധമുള്ള ജനങ്ങളെല്ലാം അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുമ്പോള്‍ ഇടത് എന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ മോദിക്ക് സന്തോഷം പകരുന്ന വിധത്തില്‍ കേരളത്തില്‍ ഐക്യദാര്‍ഢ്യ സമരങ്ങള്‍ക്കെതിരെ പോലിസ് കേസെടുക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി വി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നവംബര്‍ 28ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്‍വശം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലിസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേരളമെമ്പാടും എസ്‌യുസിഐ (കമ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ക്കെതിരേ ഈ കാലയളവില്‍ ഇത്തരത്തില്‍ നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. രാജ്യമാകെ ഐതിഹാസികമായ കര്‍ഷകപ്രക്ഷോഭത്തില്‍ തിളച്ചു മറിയുമ്പോള്‍ കേരളത്തില്‍ അത് ഉണ്ടാവാതിരിക്കുന്ന സാഹചര്യവും ഇപ്പോള്‍ എടുത്തിരിക്കുന്ന കേസുകളുമായി കൂട്ടിവായിക്കുമ്പോള്‍ ആരുടെ താല്‍പര്യമാണ് ഇവര്‍ സംരക്ഷിക്കുന്നത് എന്നത് വെളിവാകും. കൊവിഡിന്റെ മറവില്‍ ജനങ്ങള്‍ക്ക് എതിരേയുള്ള നടപടികള്‍ പടച്ചിറക്കുന്ന സര്‍ക്കാര്‍ അതിനെതിരേയുള്ള പ്രതിഷേധങ്ങളെ തകര്‍ക്കാനും കൊവിഡിനെ മറയായി ഉപയോഗിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം, വിവാഹം, ഉത്സവം, മരണം തുടങ്ങിയ എല്ലാ പൊതു ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയിരിക്കെ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് നടത്തുന്ന സമരങ്ങള്‍ക്കെതിരേ പോലും കേരളമെമ്പാടും കേസെടുക്കുന്ന നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. കോവിഡ് കാലത്ത് സമാധാനപരമായി നടന്ന സമരങ്ങള്‍ക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിപ്പിക്കാന്‍ ജനാധിപത്യ ബോധമുള്ള ഏവരും ഒന്നിക്കണമെന്നും എസ്‌യുസിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

Tags:    

Similar News